കൊച്ചി: ആദിവാസിയെ കയ്യേറ്റം ചെയ്ത് ഭൂമി തട്ടിയെടുത്തുവെന്ന കേസിൽ അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി. അജി കൃഷ്ണനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകുന്നേരം 4 മണി മുതൽ നാളെ വൈകുന്നേരം 4 മണി വരെയാണ് കസ്റ്റഡി. അജി കൃഷ്ണനെതിരെ സമാനമായ പരാതികളുണ്ടെന്നും കൂട്ടുപ്രതികളെ കുറിച്ച് അറിയാനുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. ഏറെ വിവാദത്തിൽ പെട്ട ഒരാളെ എച്ച്ആർഡിഎസ് സംരക്ഷിക്കുന്നുണ്ട്. അതിൻ്റെ പക തീർക്കുകയാണ് സർക്കാരെന്ന് അജി കൃഷ്ണൻ ജാമ്യാപേക്ഷയിൽ ആരോപിച്ചു.
ആദിവാസികളെ കയ്യേറ്റം ചെയ്യുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ ഇന്നലെയാണ് പാലക്കാട് ഷോളയാർ പൊലീസ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഷോളയാർ വട്ടലക്കി എന്ന സ്ഥലത്ത് പട്ടിക്കവർഗ വിഭാഗത്തിൽ പെട്ട രാമൻ എന്ന ആളുടെ ഭൂമി കൈയ്യെറിയതിനാണ് കേസ്. സ്ഥലത്ത് മാരകായുധങ്ങളുമായി എത്തി രാമനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തി, കുടിലിനു തീ വച്ചു അവരെ ഒഴിപ്പിച്ചു സ്ഥലം കൈയ്യറി എന്നാണ് കേസ്. ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ നേരത്തെ കേസെടുത്തിരുന്നെങ്കിലും ഇപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയില്‍ തിരിച്ചെത്തിയതിനു തൊട്ടു പിറകെയാണ് അറസ്റ്റ്. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയതിനെ തുടര്‍ന്ന്, സന്നദ്ധ സംഘനയായ എച്ച്ആർഡിഎസ്സിന്റെ രാഷട്രീയമടക്കം ഏറെ ചര്‍ച്ചയായിരുന്നു.
എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയുടെ ഭാഗമെന്ന ആക്ഷേപം ഇതിനോടകം ഉയന്നിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖരെ പ്രതിരോധത്തിലാക്കിയ സ്വപ്ന സുരേഷിന് ജോലി കൊടുത്തതിന്റെ പകവീട്ടലിന്റെ ഭാഗമായിട്ടാണ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് കള്ള കേസ്സിൽ കുടുക്കി അറസ്റ്റ് ചെയ്ത് എന്നാണ് എച്ച്ആര്‍ഡിഎസിന്റെ വിമര്‍ശനം. സർക്കാരിനെതിരെ ശബ്ദിക്കുനവരെ നിശബ്ദരാക്കാനുള്ള പ്രതികാര നടപടികൾ തുടരുന്നതിന്റെ ഒടുവിലത്തെ ഇരയാണ് അജി കൃഷ്ണനെന്ന് എച്ച്ആര്‍ഡിഎസ് പ്രസ്താവനയില്‍ പറയുന്നു. അജി കൃഷ്ണന്റെ അറസ്റ്റ് ഉന്നത ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കർശന നിർദ്ദേശത്തിന്റെ ഭാഗമായാണ് അറസ്റ്റെന്നും എച്ച്ആര്‍ഡിഎസ് ആരോപിക്കുന്നു.

Summary: HRDS Secretary Aji Krishnan’s bail plea rejected, one day police custody