മനാമ: ബഹ്റൈനില്‍ റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാനസൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാന്‍ നിയമഭേദഗതി വരുത്തിയതായി ഭവന, നഗരാസൂത്രണ മന്ത്രി അംന ബിന്ത് അഹമ്മദ് അല്‍ റുമൈഹി അറിയിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദേശപ്രകാരമാണിത്.
ബില്‍ഡിംഗ് പെര്മിറ്റുകളുമായും അടിസ്ഥാനസൗകര്യ പദ്ധതികളുമായും ബന്ധപ്പെട്ട റിക്കവറി ഫീസ് ഒഴിവാക്കിക്കൊണ്ട് 2024ലെ ഉത്തരവ് (788) പുറപ്പെടുവിച്ചു. പുതിയ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഫിനാന്‍സിംഗ് സൊല്യൂഷനുകള്‍ സ്ഥാപിക്കും. ഭൂവിഭജനം, ഉപവിഭാഗങ്ങള്‍ അനുവദനീയമായ പ്രദേശങ്ങള്‍ വ്യക്തമാക്കല്‍, അവശ്യ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമായി ഉപവിഭാഗങ്ങളെ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട 1994ലെ കരട് നിയമ(3)ത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് ഈ തീരുമാനം.
സമഗ്രവികസന പ്രക്രിയയുടെ അടിത്തറയെന്ന നിലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള സര്‍ക്കാരിന്റെ താല്പര്യം പ്രതിഫലിപ്പിക്കുന്ന തീരുമാനമാണിതെന്ന് മന്ത്രി പറഞ്ഞു. ബഹ്റൈനിലേക്ക് പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സാമ്പത്തിക, നഗര വികസന പ്രക്രിയയുടെ പ്രധാന ചാലകമെന്ന നിലയില്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കും.
ഈ നിര്‍ദ്ദേശം നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും ഉപപ്രധാനമന്ത്രിയും വികസന, അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായുള്ള മന്ത്രിതല സമിതി ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ നടത്തുന്ന ശ്രമങ്ങളെ മന്ത്രി എടുത്തുപറഞ്ഞു.
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി നൂതനമായ സാമ്പത്തിക പരിഹാരങ്ങള്‍ കണ്ടെത്തി സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മന്ത്രാലയം തുടര്‍ന്നും പ്രവര്‍ത്തിക്കും. ഇത് നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ ഒരു ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ബഹ്റൈന്റെ മത്സരശേഷി വര്‍ദ്ധിപ്പിക്കുകയും പൗരര്‍ക്കും രാജ്യത്തിനും പ്രയോജനം ചെയ്യുന്ന കൂടുതല്‍ നേട്ടങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.