റിപ്പോർട്ട്: ടി. പി ജലാല്‍
മനാമ : ലിവര്‍പൂളില്‍ ജനിച്ച റൂണി 35 വയസ്സു വരെ കളത്തിന് പുറത്തും അകത്തും തിളങ്ങി നിന്നാണ് മത്സരത്തില്‍ നിന്നും പിന്‍വാങ്ങുന്നത്. ക്ലബ്ബ് മത്സരങ്ങളില്‍ നിന്നും ബൂട്ടഴിച്ച മാര്‍ക്ക് വെയിന്‍ റൂണി ഫുട്ബോള്‍ ആരാധകര്‍ക്ക് ചൂടന്‍ റൂണിയാവും.
നിരവധി മത്സരങ്ങളില്‍ സസ്പെന്‍ഷനും പിഴയും ചോദിച്ചു വാങ്ങിയിട്ടുമുണ്ട്. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പൊന്നു വിളയിക്കുന്ന റൂണിയായിരുന്നു. കാരണം തുടര്‍ച്ചയായി 13 വര്‍ഷമാണ് ചുവന്നജഴ്സിയണിഞ്ഞ് കളം നിറഞ്ഞത്. ക്ലബ്ബ് മത്സങ്ങളില്‍ റൂണി നേടിയത് 253 ഗോളുകളാണ്. ഇതില്‍ 183 ഗോളുകളും മാഞ്ചസ്റ്ററിന് വേണ്ടിയാണ്. 393 മത്സരങ്ങളില്‍ മാഞ്ചസ്റ്ററിന്റെ കുപ്പായമിട്ടു. പെരുമാറ്റ ദൂഷ്യം കാരണം പല ക്ലബ്ബുകളും റൂണിക്ക് വില പറയാന്‍ മടിച്ചു നിന്നപ്പോള്‍ മാഞ്ചസ്റ്ററിന് മാത്രം ഈ പൂച്ചക്കണ്ണുകാരന്‍ കൂടെപ്പിറപ്പാവുകയായിരുന്നു. അതു കൊണ്ടു തന്നെയാണ് 2004 മുതല്‍ 2017 വരെ ടീമിനൊപ്പം സഞ്ചരിച്ചത്.
10-ാം വയസ്സില്‍ തന്നെ സ്കൂള്‍ പിള്ളേരോടൊപ്പം കളിയാരംഭിച്ച റൂണി 17 വയസ്സുതികയും മുമ്പേ തന്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്ട്ടണ് വേണ്ടി ഗോള്‍ നേടി. 2004-05ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് 25.6 മില്യന്‍ പൗണ്ടിന് കുടിയേറി. മാഞ്ചസ്റ്ററിന് വേണ്ടി അഞ്ച് പ്രീമിയര്‍ ലീഗും യുവേഫ ചാംപ്യന്‍സ് ലീഗ്, യുവേഫ യൂറോപ ലീഗ്, എഫ്.എ കപ്പ്, മൂന്ന് ഇഎഫ്എല്‍ കപ്പ്, നാല് തവണ എഫ്.എ കമ്മ്യൂണിറ്റി ലീഗ്, ഫിഫാ വേള്‍ഡ് ചാംപ്യന്‍ഷിപ്പിലും തിളങ്ങി. 2003വരെ ഇംഗ്ലണ്ട് ദേശീയ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. 2004,2012, 2016 യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുകളിലും 2006 മുതല്‍ 2014 വരെ തുടര്‍ച്ചയായി മൂന്നു ലോകകപ്പുകളിലും ത്രിലയണ്സിനൊപ്പമുണ്ടായിരുന്നു. നിരവധി ഫുട്ബോള്‍ അവാര്‍ഡുകളും റൂണി നേടിയിട്ടുണ്ട്.
സ്റ്റീവന്‍ ജെറാര്‍ഡ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തവണ പ്രീമിയര്‍ ലീഗിലെ മികച്ച താരമായി(അഞ്ചു തവണ) തിരഞ്ഞെടുക്കപ്പെട്ടതും റഫറിമാരുടെ പേടി സ്വപ്നമായ റൂണിയായിരുന്നു. ഇതിന് പുറമെ ബ്രാവോ അവാര്‍ഡ്, ഇംഗ്ലണ്ടിലെ മികച്ച ഫുട്ബോളര്, ഫുട്ബോള്‍ എഴുത്തുകാരുടെ അവാര്‍ഡ്, മികച്ച താരത്തിനുള്ള ബര്‍ക്ലേസ് പുരസ്കാരങ്ങളും റൂണി സ്വന്തമാക്കിയിട്ടുണ്ട്. ഒരു തവണ ബാലന്‍ഡിയോര്‍ വോട്ടിങ്ങില്‍ അഞ്ചാം റാങ്ക് സ്ഥാനത്ത് വരെ റൂണി എത്തിച്ചേര്‍ന്നിരുന്നു.
2015ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റനായി. എന്നാല്‍ 2017ല്‍ തന്റെ ഉയര്‍ച്ചക്ക് പിന്നിലുള്ള എവര്ട്ടണ് ക്ലബ്ബിലേക്കു തന്നെ തിരിച്ചു പോയി. 2018 മുതല്‍ 2020 വരെ അമേരിക്കന്‍ ലീഗിലെ ഡി.സി യുണൈറ്റഡിനും ജഴ്സിയണിഞ്ഞു. 2020 ജനുവരിയോടെ പരിശീലകനായും കളിക്കാരനായും ഡര്‍ബി കൗണ്ടിയുമായി ഒപ്പു വെച്ചു. ഇനിയുള്ള കാലം കോച്ചായി തുടരാനാണ് റൂണിയുടെ തീരുമാനം. കളത്തില്‍ നിന്ന് പിന്‍വാങ്ങിയാലും വാര്‍ത്തകളില്‍ എന്നും നിറഞ്ഞു നില്ക്കും.