ദുബായ് : ബെൽസ് പാഴ്സി രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുൻ രമേശ് ജോലിസ്ഥലത്തേക്ക് തിരിച്ചെത്തി. ദുബായിലെ എഫ്എം റേഡിയോ സ്റ്റേഷനായ ഹിറ്റ് 96.7 ൽ ജോലി ചെയ്യുന്ന മിഥുൻ ഇന്ന് അവരുടെ ഷോയിൽ അവതാരകനായെത്തി. മിഥുൻ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്.
“ഇന്ന് ഞാൻ ഹിറ്റ് 96.7 എഫ്എമ്മിൽ തിരിച്ചെത്തി പ്രവർത്തിക്കാൻ തുടങ്ങി. 100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂ. ഫിസിയോതെറാപ്പിയും ഇലക്ട്രോഡ് തെറാപ്പിയും കുറച്ച് ദിവസം കൂടി തുടരും. എന്നാൽ നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും ആശംസകളും കാരണമാണ് ഇത് സാധ്യമായത്. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി” മിഥുൻ രമേശ് ഫേസ്ബുക്കിൽ കുറിച്ചു.
ഈ മാസം മൂന്നിനാണ് ബെൽസ് പാഴ്സി രോഗത്തിന് ചികിത്സ തേടിയതായി മിഥുൻ രമേശ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മുഖം താൽക്കാലികമായി ഒരു വശത്തേക്ക് കോടുന്ന രോഗമാണിത്. മിഥുൻ രമേശ് തിരുവനന്തപുരം അനന്തപുരം ആശുപത്രിയിലാണ് ചികിത്സ തേടിയത്.