മനാമ: ലോക തൊഴിലാളി ദിനത്തിന്റെ ഭാഗമായി തുശ്ച വേതനത്തിൽ ജോലി ചെയ്യുന്ന സഹോദരങ്ങൾക്കായി വിവിധയിടങ്ങളിൽ ഭക്ഷണമെത്തിച്ച് ഹോപ്പ് ബഹ്റൈൻ. മെയ് 1 ന് അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ ബഹ്റൈനിലെ വിവിധയിടങ്ങളിലെ ഇരുന്നൂറോളം തൊഴിലാളികൾക്കാണ് ‘ഹോപ്പ്’ ഭക്ഷണമെത്തിച്ചത്. സൽമാനിയ ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളികളായ ഹൂറ, മുഹറഖ്, ഗഫൂൾ ക്യാമ്പുകളിൽ നിന്നുള്ള നൂറ്റി ഇരുപത് തൊഴിലാളികൾക്കും, ശമ്പളകുടിശ്ശിക നേരിടുന്ന സനദിലെ ഒരു ക്യാമ്പിലുമാണ് ഭക്ഷണം നൽകിയത്. സാബു ചിറമേൽ, ഷാജി എളമ്പിലായി, ഷാജി ഫെയ്ത്ത് ലാൻഡ്, സോജി മാത്യു, ജോഷി നെടുവേലിൽ, ജയേഷ് കുറുപ്പ്, ലിജോ മാത്യു, ഗിരീഷ് ജി പിള്ള, അശോകൻ താമരക്കുളം, ജെറിൻ ഡേവിസ്, ജാക്സ് മാത്യു, ജിബിൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
റമദാൻ വ്രതാനുഷ്ടാന നാളുകളിൽ ലേബർ ക്യാമ്പിലെ സഹോദരങ്ങൾക്ക് ഇഫ്താർ ഭക്ഷണം എത്തിക്കുന്നതിനും, ഇഫ്താർ വിരുന്നുകളിലെ അധിക ഭക്ഷണം ശേഖരിച്ച് അർഹതപ്പെട്ടവരിൽ എത്തിക്കുന്നതിനും ഹോപ്പ് സജീവമായിരുന്നു. പ്രിന്റു ഡെല്ലിസ്, ജയേന്ദ്ര പ്രസാദ്, റോണി ഡൊമിനിക് തുടങ്ങിവരാണ് നേതൃത്വം നൽകിയത്. കൂടാതെ വിവാഹ വാർഷികങ്ങൾ, കുട്ടികളുടെ ജന്മദിനങ്ങൾ തുടങ്ങിയ ആഘോഷദിവസങ്ങളിൽ ലേബർ ക്യാമ്പിലെ സഹോദരങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന പ്രവർത്തനവും ഹോപ്പ് ചെയ്തുവരുന്നു. കൂടുതൽ വിവരങ്ങൾക്ക് 3340 1786 (സിബിൻ സലിം),3996 7524 (സുജേഷ് ജോർജ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.