
കൊച്ചി: ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ കോടതിയിൽ ഹാജരാക്കി. ഉച്ചയ്ക്ക് 12.45ഓടോെയാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നിന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചത്. മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി മാധ്യമങ്ങളോടു പ്രതികരിച്ചു. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി 2 തവണ ബോബിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. താൻ തെറ്റുകാരനല്ലെന്നും ദ്വയാർഥ പ്രയോഗം നടത്തി എന്നതുമാത്രമാണു തനിക്കെതിരെയുള്ള കേസ് എന്നുമാണ് ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇന്നലെയാണ് ബോബി ചെമ്മണൂർ അറസ്റ്റിലായത്. രാവിലെ എട്ടിനു വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള ‘ബോചെ ആയിരമേക്കർ’ എസ്റ്റേറ്റിൽനിന്നു പുറത്തേക്കു വരുമ്പോൾ വാഹനം വളഞ്ഞ് എറണാകുളം സെൻട്രൽ പൊലീസ് ബോബിയെ പിടികൂടുകയായിരുന്നു. രാത്രി ഏഴരയോടെ കൊച്ചിയിലെ സ്റ്റേഷനിലെത്തിച്ചു. രണ്ടു മണിക്കൂറിലേറെ ചോദ്യംചെയ്തു. തുടർന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഭാരതീയ ന്യായസംഹിതയിലെ 75 (1), (4) വകുപ്പുകളും ഐടി ആക്ടിലെ 6–7ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ലൈംഗികാതിക്രമം ജാമ്യമില്ലാ വകുപ്പായതിനാൽ പ്രതിക്കു ജാമ്യത്തിനായി കോടതിയെ സമീപിക്കേണ്ടിവരും. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹണി റോസ് ഇന്നലെ മൊഴി നൽകിയിരുന്നു. ഇതിന്റെ പകർപ്പും അന്വേഷണ സംഘം ഇന്നു കോടതിയിൽ ആവശ്യപ്പെടും.
പകർപ്പ് ലഭിച്ച ശേഷം ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് സൂചന. ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. രാമൻപിള്ള അസോഷ്യേറ്റ്സാണ് ബോബിക്കു വേണ്ടി ഹാജരാകുന്നത്. എഡിജിപി മനോജ് ഏബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ തുടങ്ങിയവരെക്കണ്ട് പരാതിയറിയിച്ച ഹണിറോസിന് സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തു നിന്നുള്ള പിന്തുണ ഉറപ്പു കിട്ടിയിരുന്നു.
