ബഹ്റൈൻ ഡാന മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരന്റെ സത്യസന്ധതയെ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും എംഡിയുമായ എംഎ യൂസുഫലി അഭിനന്ദിച്ചു. ലുലുവിൽ രണ്ടുവർഷമായി കാർ പാർക്ക് അറ്റൻഡന്റായി ജോലിനോക്കുകയാണ് ബംഗ്ലാദേശ് സ്വദേശി അബുബക്കർ.
ഇദ്ദേഹം കഴിഞ്ഞ ആഴ്ച, ട്രോളി സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ കാർ പാർക്കിൽ നിന്ന് ട്രോളികൾ ശേഖരിക്കുമ്പോഴാണ് ഒരു ട്രോളിയിൽ ധാരാളം പണമുള്ള ബാഗ് കണ്ടെത്തിയത്. ബാഗിൽ 1100 ബഹ്റൈൻ ദിനാർ പണവും ക്രെഡിറ്റ് കാർഡുകളും ഉണ്ടായിരുന്നതിനാൽ ഉടനെ അത് ഉപഭോക്തൃ സേവനത്തിന് കൈമാറിയാതായി അബുബക്കർ പറഞ്ഞു. ഉപഭോക്താവായ മുസ്തഫ അബെദിൻ വീട്ടിലെത്തിയപ്പോൾ ബാഗ് കാണാനില്ലെന്ന് മനസ്സിലാക്കി ഹൈപ്പർ മാർക്കറ്റിലേക്ക് എത്തുകയും ആവശ്യമായ തെളിവ് നൽകിയ ശേഷം അത് തിരിച്ചെടുക്കുകയും ചെയ്തു.
“സത്യസന്ധതയും സുതാര്യതയും ലുലു ഗ്രൂപ്പിലെ എല്ലാ ഇടപെടലുകളുടെയും ഭാഗമാണെന്നും അബുബക്കർ അത്തരം വിശ്വാസ്യത പ്രകടിപ്പിച്ചതിൽ അഭിമാനിക്കുന്നതായും” ഡയറക്ടർ ജുസർ രൂപാവാല പറഞ്ഞു. ” ജീവനക്കാരന്റെ സത്യസന്ധതയുടെ പ്രതിഫലമായി ലുലു ചെയർമാൻ എംഎ യൂസുഫലിയുടെ നിർദ്ദേശത്തെത്തുടർന്ന് ഡയറക്ടർ ജുസർ രൂപാവാല അദ്ദേഹത്തിന് 200 ബഹ്റൈൻ ദിനാർ പാരിതോഷികം നൽകി. സെക്യുരിറ്റി ഓഫീസർ നാരായനും സന്നിഹിതനായിരുന്നു.