മനാമ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സഖീർ കൊട്ടാരത്തിൽ സ്വീകരിച്ചു. ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ സന്ദേശം വി. മുരളീധരൻ രാജാവിന് കൈമാറി. ബഹ്റൈൻ ജനതയുടെ കൂടുതൽ വളർച്ചയ്ക്കും അഭിവൃദ്ധിക്കും ആശംസ അറിയിച്ചുകൊണ്ടുള്ള സന്ദേശവും കൈമാറി.
ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ആശംസകൾ അറിയിക്കാനും ഇന്ത്യൻ ജനതയ്ക്ക് തുടർച്ചയായ വികസനത്തിനുള്ള ആശംസകൾ അറിയിക്കാനും രാജാവ് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയോട് ആവശ്യപ്പെട്ടു. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളെയും സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു. അവ ആഴത്തിൽ വേരൂന്നിയതാണെന്നും പൊതുവായ ചരിത്രത്തിന്റെയും പരസ്പര താൽപ്പര്യങ്ങളുടെയും ഉറച്ച അടിത്തറയെ അടിസ്ഥാനമാക്കിയെന്നും രാജാവ് വിശദീകരിച്ചു.

പൊതു ആശങ്കയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ രാജാവ് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയുമായി ചർച്ച ചെയ്തു. അഫ്ഗാനിസ്ഥാനിലെ വികസനത്തിനും സ്ഥിരതയ്ക്കുമുള്ള അന്താരാഷ്ട്ര പിന്തുണയുടെ പ്രാധാന്യം ഹമദ് രാജാവ് അടിവരയിട്ടു. പ്രദേശത്തും ലോകത്തും സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി രാജ്യത്തിന്റെ വിശ്വാസങ്ങളും മൂല്യങ്ങളും കണക്കിലെടുക്കുമ്പോൾ ആവശ്യമായ മാനുഷിക ദുരിതാശ്വാസ സഹായം നൽകുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻെറ വളർച്ചയിലും പുരോഗതിയിലും ഇന്ത്യൻ സമൂഹം നടത്തിയ ശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു.

ബഹ്റൈൻ സന്ദർശിക്കുന്നതിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ സന്തോഷം പ്രകടിപ്പിച്ചു. രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിൽ രാജാവിന്റെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
