മനാമ: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ബഹ്റൈൻ ടി.വിയുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ഫണ്ട് ശേഖരണത്തിന് വൻ പ്രതികരണം. രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ 8.5 ദശലക്ഷം ഡോളറും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ 500,000 ദീനാറും സംഭാവന നൽകി. ‘ഗസ്സ നിവാസികൾക്ക് ഐക്യദാർഢ്യ ദിനം…. ഞങ്ങൾ നിങ്ങൾക്കൊപ്പം’ എന്ന തലക്കെട്ടിലാണ് പരിപാടി നടക്കുന്നത്.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ആഹ്വാന പ്രകാരം, റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനും യുവജന, ചാരിറ്റി കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിലാണ് പൊതുജനങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നത്.
ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായഹസ്തം നീട്ടാൻ ലക്ഷ്യമിട്ടുള്ള മഹത്തായ കാമ്പയിനിലേക്ക് സംഭാവന നൽകാൻ എല്ലാ സ്ഥാപനങ്ങളോടും കമ്പനികളോടും പൗരന്മാരോടും താമസക്കാരോടും ശൈഖ് നാസിർ ആഹ്വാനം ചെയ്തു. ഹമദ് രാജാവിന്റെ നിർദേശങ്ങൾക്കനുസൃതമായി 1,00,000 ദീനാർ കാമ്പയിനിലേക്ക് ശൈഖ് നാസിർ സംഭാവന ചെയ്തിരുന്നു. ഇതുവരെ 16 മില്യണിലധികം ഡോളർ സമാഹരിച്ചതായി ആർ.എച്ച്. എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് വ്യക്തമാക്കി.