മനാമ: ബഹ്റൈനിലെ ബ്രിട്ടൻ അംബാസഡർ റോഡി ഡ്രാമോണ്ടിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ പുരസ്കാരം സമ്മാനിച്ചു. ബഹ്റൈനിലെ സേവനം അവസാനിപ്പിച്ച് മടങ്ങുന്ന സാഹചര്യത്തിലാണ് ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഏകീകരിക്കുന്നതിനും യുകെ അംബാസഡർ നടത്തിയ മഹത്തായ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് അംബാസഡർക്കുള്ള ആദരവെന്ന നിലക്കാണ് ബഹ്റൈൻ ഓർഡർ ഓഫ് ഫസ്റ്റ് ക്ലാസ് പതക്കം നൽകിയത്.
കഴിഞ്ഞദിവസം സാഫിരിയ്യ പാലസിൽ നടന്ന ചടങ്ങിലാണ് ഹമദ് രാജാവ് പതക്കം അംബാസഡർക്ക് സമ്മാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ വർഷങ്ങളായി വിവിധ മേഖലകളിൽ ശക്തമായ സഹകരണം തുടർന്നുവരുന്നത് ശക്തിപ്പെടുത്താൻ അംബാസഡറുടെ പ്രവർത്തനമികവുകൊണ്ട് സാധിച്ചതായി ഹമദ് രാജാവ് വിലയിരുത്തി.
ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള വിശിഷ്ടമായ പങ്കാളിത്തവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിൽ രാജാവിന്റെ പ്രധാന പങ്കിനെ പ്രശംസിച്ചുകൊണ്ട് ബഹ്റൈൻ നൽകിയ ആദരവിന് അംബാസഡർ രാജാവിന് നന്ദി അറിയിച്ചു.