പറവൂർ : എന്റെ പൂച്ചകുട്ടി അപകടത്തിലാണ് രക്ഷിക്കണേ എന്നുള്ള നിലവിളിയാണ് കഴിഞ്ഞ ദിവസം ഫയർ ഫോഴ്സ് ഓഫീസിലെത്തിയ കോൾ എടുത്ത ഉദ്യോഗസ്ഥൻ കേട്ടത്. സമയം പാഴാക്കാതെ ജീവനക്കാർ സംഭവസ്ഥലത്തേക്ക് പാഞ്ഞു. മൂന്നാം ക്ലാസ്സുകാരി ഹിസാനയുടെ വളർത്ത് പൂച്ചയെ രക്ഷിക്കുകയും ചെയ്തു.
മാട്ടുപുറം പുതുമനം വീട്ടിൽ ഷെഫീഖിന്റെയും, റസീനയുടെയും ഇളയമകളാണ് ഹിസാന. 2 മാസം പ്രായമുള്ള പ്രിയപ്പെട്ട പൂച്ചക്കുട്ടി കാത്തു വാട്ടർടാങ്കിനും, കോൺക്രീറ്റ് ഭിത്തിക്കും ഇടയിൽ കുടുങ്ങുകയായിരുന്നു. ഉമ്മ റസീനയും, ഏഴാം ക്ലാസ്സുകാരിയായ സഹോദരി സുബ്ഹാനയും പൂച്ചക്കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
മറ്റ് വഴികൾ ഇല്ലാതായതോടെയാണ് ഇവർ ഫയർ ഫോഴ്സിന്റെ സഹായം തേടുന്നത്. ഉദ്യോഗസ്ഥർ ചേർന്ന് കാത്തുവിനെ രക്ഷപെടുത്തി, ഹിസാനയുടെ കൈകളിൽ നൽകിയപ്പോഴാണ് ഹിസാനയുടെ മുഖം തെളിഞ്ഞത്. സുബ്ഹാനയുടെ സുഹൃത്ത് നൽകിയ പൂച്ചക്കുട്ടി വീട്ടിലെ ഒരംഗം പോലെ തന്നെയാണ്.