ന്യൂഡൽഹി: തൈര് പാക്കറ്റുകളിൽ ഹിന്ദി നാമം ഉൾപ്പെടുത്തണമെന്നുള്ള നിർദ്ദേശം പിൻവലിച്ചു. പാക്കറ്റുകളിൽ ‘ദഹി’ എന്ന് ചേർക്കേണ്ടത് നിർബന്ധമല്ലെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) അറിയിച്ചു. തൈര് എന്ന് ഇംഗ്ലീഷിൽ എഴുതി ഒപ്പം അതത് പ്രാദേശിക വാക്കും ചേർക്കാം. പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കർണാടകയിലും തമിഴ്നാട്ടിലും പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് എഫ്എസ്എസ്എഐ ഉത്തരവ് പിൻവലിച്ചത്. തൈരിൽ ഹിന്ദി കലർത്താനുള്ള നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. പായ്ക്കറ്റിൽ ‘ദഹി’ എന്ന് നൽകാനും ബ്രാക്കറ്റിൽ പ്രാദേശിക വാക്ക് ഉപയോഗിക്കാനുമുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നിർദ്ദേശത്തെയാണ് സ്റ്റാലിൻ എതിർത്തത്. സ്വന്തം സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന തൈര് പാക്കറ്റിൽ പോലും ഹിന്ദി അടിച്ചേൽപ്പിക്കുന്ന അവസ്ഥയിലെത്തിയെന്നും മാതൃഭാഷയെ അപമാനിക്കുന്നവരെ ദക്ഷിണേന്ത്യയിൽ നിന്ന് തുടച്ചുനീക്കുമെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
തൈരിന് പ്രാദേശികമായി പറയുന്ന മൊസരു എന്ന വാക്ക് ഉപയോഗിക്കണമെന്ന കർണാടക മിൽക്ക് ഫെഡറേഷന്റെ ആവശ്യത്തിന് മറുപടിയായാണ് ഹിന്ദി പദമായ ദഹി എന്ന വാക്ക് നൽകണമെന്നും കന്നഡ വാക്ക് ബ്രാക്കറ്റിൽ ഉപയോഗിക്കണമെന്നും എഫ്എസ്എസ്എഐ നിർദ്ദേശിച്ചത്. ഇത് സംബന്ധിച്ച മാധ്യമ റിപ്പോർട്ട് സഹിതമാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്.