ഗുവാഹത്തി: രാഹുൽ ഗാന്ധിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തിൽ പ്രവേശിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നാണ് അസം മുഖ്യമന്ത്രിയുടെ ഭീഷണി. ഗുവാഹത്തി നഗരത്തിൽ ആശുപത്രികളും സ്കൂളുകളും ഉണ്ട്. രാഹുൽ ഗാന്ധി നഗരത്തിൽ കൂടി യാത്രചെയ്താൽ കേസ് രജിസ്റ്റർ ചെയ്യും. സർക്കാർ നിയമനടപടികൾ സ്വീകരിക്കും, ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നാഗാലാൻഡിൽനിന്ന് കഴിഞ്ഞ ദിവസം അസമിൽ പ്രവേശിച്ചിരുന്നു. ജനുവരി 25 വരെയാണ് അസമിൽ രാഹുലിന്റെ പര്യടനം. ശിവസാഗർ ജില്ലയിൽ നടന്ന പൊതുപരിപാടിയിൽ അസം സർക്കാരിനെതിരേ രാഹുൽ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പൊതുമുതൽ മോഷ്ടിക്കുകയും വിദ്വേഷം പരത്തുകയുമാണ് ബിജെപിയും ആർഎസ്എസും ചെയ്യുന്നതെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അസം മുഖ്യമന്ത്രിയുടെ ഭീഷണി.
ഭാരത് ജോഡോ യാത്ര വിജയകരമല്ലെന്ന് വരുത്തിത്തീർക്കാൻ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ എല്ലാ ശക്തികളും ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പത്രസമ്മേളനത്തിൽ ആരോപിച്ചു.