ഉഡുപ്പി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കാത്തതിനെതിരെ വിദ്യാര്‍ഥികള്‍ സമരം നടത്തുന്ന ഉഡുപ്പി ജില്ലയിലെ കുന്ദാപൂരിലെ ഗവണ്മെന്റ് കോളജിന് സമീപം മാരകായുധങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. ആയുധങ്ങളുമായെത്തിയ അഞ്ച് പേരില്‍ മൂന്ന് പേര് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.
സംഭവത്തില്‍ കുന്ദാപൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഉഡുപ്പിയിലെ കുന്ദാപൂര്‍ ഏരിയയിലെ കോളജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെയാണ് പ്രതിഷേധം നടന്നത്. സ്കൂള്‍ മാനേജ്മെന്റ് തീരുമാനിച്ച യൂണിഫോം മാത്രമേ ധരിക്കാന്‍ പാടുള്ളൂവെന്നും മറ്റ് മതപരമായ ആചാരങ്ങള്‍ കോളജുകളില്‍ അനുവദിക്കില്ലെന്നും കാണിച്ച് യൂണിവേഴ്സിറ്റിക്ക് വിദ്യാഭ്യാസ ബോര്‍ഡ് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം കടന്നാക്രമിക്കുന്നതോടെ പ്രതിഷേധം രാഷ്ട്രീയ സംഘര്‍ഷത്തിന് കാരണമായിട്ടുണ്ട്.