തിരുവനന്തപുരം: തൊഴിലുടമകളിൽനിന്ന് വൻതുക കൈക്കൂലി ആവശ്യപ്പെടും. വഴങ്ങാത്ത സ്ഥാപനങ്ങളിൽ ജില്ലാ ഉദ്യോഗസ്ഥർ വഴി പരിശോധനയും റെയ്ഡും നടത്തും. ചരിത്രത്തിലാദ്യമായി കീഴുദ്യോഗസ്ഥരിൽനിന്ന് മാസപ്പടി പിരിക്കുന്ന രീതി തുടങ്ങിയെന്നാണ് ആക്ഷേപവും. സംസ്ഥാന തൊഴിൽവകുപ്പിനു തലവേദനയായി ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കൈക്കൂലി വാങ്ങൽ.
തിരുവനന്തപുരത്തും എറണാകുളത്തുമുള്ള തൊഴിൽവകുപ്പിന്റെ ഓഫീസുകളിൽ ചുമതല വഹിക്കുന്നയാളാണ് ഉന്നത ഉദ്യോഗസ്ഥൻ. കിഴക്കമ്പലത്തെ കിറ്റെക്സ് വിവാദത്തിലും ഇയാൾക്കുനേരെ ആക്ഷേപമുയർന്നെങ്കിലും സർക്കാരും കമ്പനിയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രക്ഷപ്പെട്ടു. സ്ഥലംമാറ്റത്തിന് ലക്ഷങ്ങൾ ആവശ്യപ്പെട്ടെന്നു പരാതിപ്പെട്ട് തൊഴിൽവകുപ്പിലെ ജീവനക്കാരും കൂട്ടത്തോടെ രംഗത്തെത്തി. ക്ലാർക്ക് മുതൽ ഓഫീസർ വരെയുള്ളവരിൽനിന്ന് 50,000 രൂപ മുതൽ മൂന്നുലക്ഷം രൂപവരെ വാങ്ങി. ക്ലാർക്കുമാരുടെ പൊതുസ്ഥലംമാറ്റത്തിനുള്ള കരട് പ്രസിദ്ധീകരിച്ചെങ്കിലും തിരുകിക്കയറ്റൽ നടക്കാത്തതിനാൽ ഉത്തരവ് മരവിപ്പിച്ചു. ഒടുവിൽ പരാതി മുഖ്യമന്ത്രി പിണറായി വിജയനു മുന്നിലെത്തിയതോടെ, ഉന്നത ഉദ്യോഗസ്ഥന്റെ ഇടപാടുകൾ കണ്ടെത്താൻ വിജിലൻസ് പരിശോധന തുടങ്ങി. ഉദ്യോഗസ്ഥന്റെ അറിവോടെ നടന്ന പരിശോധനകളുടെ ഫയലുകൾ നൽകാനാണ് ജില്ലാ ലേബർ ഓഫീസർമാർക്കു നൽകിയ നിർദേശം. തൊഴിലുടമകളിൽനിന്ന് വൻതുക കൈക്കൂലി ആവശ്യപ്പെടും. വഴങ്ങാത്ത സ്ഥാപനങ്ങളിൽ ജില്ലാ ഉദ്യോഗസ്ഥർ വഴി പരിശോധനയും റെയ്ഡും നടത്തും. തുടർന്ന്, ഉടമകളുമായി വിലപേശും. ഉദ്യോഗസ്ഥരോട് നിശ്ചിത തുക പിരിച്ചുനൽകാൻ ആവശ്യപ്പെടും. അവർ വിവിധ സ്ഥാപന ഉടമകളെ സമീപിച്ചു പണം വാങ്ങും. വഴങ്ങാത്ത ഉദ്യോഗസ്ഥരെ വാർഷിക കോൺഫിഡൻഷ്യൻ റിപ്പോർട്ടിൽ ഗ്രേഡ് കുറച്ച് സ്ഥാനക്കയറ്റം തടസ്സപ്പെടുത്തും -ഇതാണ് പരാതിയുടെ ഉള്ളടക്കം.