കൊച്ചി: ഭൂപരിക്ഷ്കരണ നിയമം ലംഘിച്ച് ഇടത് എംഎല്‍എ പി.വി.അന്‍വറും കുടുംബവും കൈവശംവെച്ചിരിക്കുന്ന മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. ഭൂമി തിരിച്ചുപിടിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഭൂമി തിരിച്ചുപിടിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി ഉടന്‍ നടപടിയെടുക്കാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിശദീകരണം സമര്‍പ്പിക്കാന്‍ പത്ത് ദിവസത്തെ സാവാകാശം സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ചട്ടം ലംഘിച്ച് പി.വി അന്‍വര്‍ എം.എല്‍.എയുടെയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള മിച്ചഭൂമി ആറുമാസത്തിനുള്ളില്‍ തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20-ന് ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ അഞ്ചുമാസത്തിനുള്ളില്‍ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ 2022 ജനുവരിയില്‍ ഉത്തരവിട്ടിരുന്നു. ഇതും പാലിച്ചില്ലെന്നാരോപിച്ചാണ് പരാതിക്കാരന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.