കൊച്ചി ∙ മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ താമസക്കാരെ ഒഴിപ്പിക്കരുതെന്നു ഹൈക്കോടതി നിർദേശം നൽകി. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ കെട്ടിടങ്ങൾ പൊളിക്കരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഏലം, തേയില തോട്ടങ്ങൾ, മറ്റു കൃഷികൾക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കണമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭാ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വിളകൾ നശിക്കില്ലെന്നു സർക്കാർ ഉറപ്പാക്കണം. ഇത്തരം ഭൂമി കുടുംബശ്രീയെ വേണമെങ്കിൽ ഏൽപിക്കാം. അല്ലെങ്കിൽ വിളകൾ എടുക്കാനും പരിപാലിക്കാനും ലേലം ചെയ്യാമെന്നും കോടതി പറഞ്ഞു. സർക്കാർ അഭിഭാഷകനും മറ്റ് അഭിഭാഷകരും നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു കോടതി ഇക്കാര്യം മുന്നോട്ടുവച്ചത്. കയ്യേറ്റഭൂമിയിലെ താമസമുള്ള കെട്ടിടത്തിനോടു ചേർന്നുള്ള സ്ഥലം ഏറ്റെടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിനു തടസ്സമില്ല. താമസക്കാർ തുടരുന്നതു സംബന്ധിച്ചു സർക്കാരിന്റെ തീരുമാനം അനുസരിച്ചു ഉചിത സമയത്തു തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. വാണിജ്യ കെട്ടിടങ്ങൾ ഒഴിപ്പിക്കുമ്പോൾ ലൈസൻസ് വഴി സർക്കാരിന്റെയോ കോടതിയുടെയോ അന്തിമ തീരുമാനത്തിനു വിധേയമായി തുടരാൻ അനുവദിക്കാം.
കെട്ടിടം നിർമിക്കാൻ എൻഒസി വേണമെന്നതിൽ ഒരു ദശാബ്ദം കഴിഞ്ഞിട്ടും തീരുമാനമായില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സർക്കാർ ഭൂമി സംരക്ഷിക്കാനാണ് എൻഒസി വേണമെന്ന നിർദേശം നൽകിയത്. പട്ടയം നൽകുന്നതിനും കൃത്യമായി സർട്ടിഫിക്കറ്റ് നൽകുന്നതിനും ഒരു സംവിധാനം ഉണ്ടാവണം. സർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകണം. ടൂറിസം മേഖല സംരക്ഷിക്കുന്നതിനെപ്പറ്റിയുള്ള നിയമ പ്രകാരം സമിതി രൂപീകരിക്കുന്നതു സംബന്ധിച്ചു സർക്കാർ വിശദീകരണം നൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വാണിജ്യ കെട്ടിടങ്ങൾ ഉൾപ്പെടെ 239.42 ഏക്കറിൽ കയ്യേറ്റം ഒഴിപ്പിച്ചെന്നും ഏറ്റെടുത്തെന്നും സർക്കാർ അറിയിച്ചു. മൂന്നാറിലെ കയ്യേറ്റവും അനധികൃത നിർമാണവും തടയണമെന്നാവശ്യപ്പെട്ടു തൃശൂരിലെ വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന ഉൾപ്പെടെ നൽകിയ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്. ഹർജി 7നു വീണ്ടും പരിഗണിക്കും.