
മസ്തിഷ്കമരണ നിർണയം ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്പര്യ ഹർജി തള്ളി കേരള ഹൈക്കോടതി. 1994-ലെ മനുഷ്യ അവയവങ്ങൾ മാറ്റിവെക്കലും ടിഷ്യു മാറ്റിവെക്കലും നിയമത്തിലെ (THOTA) സെക്ഷൻ 2(d) , 2(e) എന്നിവയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. മസ്തിഷ്ക മരണം പ്രഖ്യാപിക്കുന്നത് ഇന്ത്യയിൽ നിയമവിധേയമാക്കിയാതാണെന്നും ഇത് കോടതിക്ക് പു:നപരിശോധിക്കാനാകില്ലെന്നും മസ്തിഷ്കമരണം നിർണയിക്കുന്നത് കൃത്യമായ മെഡിക്കൽ പ്രക്രിയയിലൂടെയാണെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
മസ്തിഷ്ക മരണം എന്ന ആശയം ശാസ്ത്രീയമല്ലാത്തതും ഏകപക്ഷീയവുമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 21-ന്റെ (ജീവിക്കാനുള്ള അവകാശം) ലംഘനമാണെന്നും ആരോപിച്ച് കൊല്ലം സ്വദേശി ഡോ.എസ് ഗണപതി നൽകിയ ഹർജി തള്ളിയാണ് കോടതി ഉത്തരവ്. മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ച ശേഷം രോഗികൾ സുഖം പ്രാപിച്ചതായി റിപ്പോർട്ടുകളുണ്ടെന്നും മസ്തിഷ്ക മരണം പ്രഖ്യാപിക്കുന്നതിന് ലോകമെമ്പാടുമുള്ള ഏകീകൃത ശാസ്ത്രീയ വിലയിരുത്തൽ ഇല്ലെന്നും ഡോ. ഗണപതി ചൂണ്ടിക്കാട്ടി. മസ്തിഷ്ക മരണം ശാസ്ത്രീയമാണെന്ന് കേസിൽ കക്ഷി ചേർന്ന ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോ സർജൻ ഡോ.എച്ച്.വി ഈശ്വർ ചൂണ്ടിക്കാട്ടി. ബ്രെയിൻ സ്റ്റെം ഉൾപ്പെടെ എല്ലാ മസ്തിഷ്ക പ്രവർത്തനങ്ങളും പൂർണമായും നിലയ്ക്കുമ്പോഴാണ് മസ്തിഷ്ക മരണം നിർണയിക്കുന്നത്. മസ്തിഷ്ക മരണം സംഭവിച്ച ഒരു രോഗിക്ക് രക്തചംക്രമണവും ഓക്സിജൻ വിതരണവും നിലച്ചാൽ അവരെ ആശുപത്രിയിൽ തന്നെ നിലനിർത്തുന്നത് മറ്റു രോഗികളുടെ അവകാശങ്ങളെ ഹനിക്കുന്നതിന് തുല്യമാകും. ചികിത്സ ആവശ്യമുള്ള മറ്റ് രോഗികൾക്ക് ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഉപയോഗിച്ച് ചികിത്സ ഉറപ്പാക്കാൻ മസ്തിഷ്ക മരണം പ്രഖ്യാപിക്കേണ്ടതിൻ്റെ പ്രാധാന്യവും ഡോ. ഈശ്വർ എടുത്തുപറഞ്ഞു.
ബ്രെയിൻ-സ്റ്റെം മരണത്തെ നിർവചിക്കുകയും അത് സാക്ഷ്യപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ വിവരിക്കുകയും ചെയ്യുന്ന THOTA-യുടെ നിയമപരമായ ചട്ടക്കൂട് കോടതി പരിശോധിച്ചു. ഒരു പ്രത്യേക മെഡിക്കൽ നടപടിയിലൂടെയാണ് ഇന്ത്യയിൽ മസ്തിഷ്ക മരണം അംഗീകരിക്കപ്പെടുന്നതെന്നും മസ്തിഷ്ക മരണത്തെ നിർവചിക്കാൻ പാർലമെൻ്റിന് അധികാരമുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. വിവിധ രാജ്യങ്ങളിലെ മാനദണ്ഡങ്ങളിലും രീതികളിലുമുള്ള വ്യത്യാസങ്ങൾ അംഗീകരിച്ചുകൊണ്ട് മസ്തിഷ്കമരണത്തെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാടുകളും കോടതി അവലോകനം ചെയ്തു. പാർലമെൻ്റിൻ്റെ മസ്തിഷ്ക മരണ നിർവചനത്തിലോ THOTA പ്രകാരം സ്ഥാപിച്ചിട്ടുള്ള മെഡിക്കൽ നടപടിക്രമങ്ങളിലോ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മെഡിക്കൽ, ശാസ്ത്രീയ നയപരമായ കാര്യങ്ങളിൽ ജുഡീഷ്യൽ റിവ്യൂയുടെ പരിമിതികൾ എടുത്തു കാണിക്കുന്ന “അരുണ രാമചന്ദ്ര ഷാൻബാഗ് vs യൂണിയൻ ഓഫ് ഇന്ത്യ”, “ജേക്കബ് പുലിയേൽ vs യൂണിയൻ ഓഫ് ഇന്ത്യ” തുടങ്ങിയ മുൻവിധികൾ ബെഞ്ച് പരിശോധിച്ചു.
ഇന്ത്യയിൽ മസ്തിഷ്ക മരണം അംഗീകൃത വൈദ്യശാസ്ത്രപരവും നിയമപരവുമായ ആശയമാണെന്ന് കോടതി വ്യക്തമാക്കി. മസ്തിഷ്കമരണ നിർണയത്തിന് സർക്കാർ പുറപ്പെടുവിച്ച മാർഗരേഖകൾക്ക് നിയമ സാധുത നൽകുന്നതാണ് ഈ ഹൈക്കോടതി വിധി. ഈ വിധി അവയവ മാറ്റിവെക്കലിനെ നിയന്ത്രിക്കുന്ന നിലവിലുള്ള നിയമപരമായ ചട്ടക്കൂടിനെ ഫലപ്രദമായി ശരിവയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ -സോട്ടോ ) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.നോബിൾ ഗ്രേഷ്യസ് അറിയിച്ചു.
