കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ വിദേശത്തുള്ള നടന് വിജയ് ബാബുവിനോട് നാട്ടിലേക്ക് മടങ്ങിയെത്താന്‍ ഹൈക്കോടതി. വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിര്‍ദേശം. ആദ്യം മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കൂ. അതിനുശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു.
ഹര്‍ജി പരിഗണിച്ചപ്പോള്‍ അന്വേഷണവുമായി സഹകരിക്കുമെന്നും, കോടതി ആവശ്യപ്പെടുന്ന സമയത്ത് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന് അറിയിച്ചു. അപ്പോഴാണ് വിജയ് ബാബു രാജ്യത്തുണ്ടോയെന്ന് കോടതി ആരാഞ്ഞത്.
ഇല്ലെന്നും വിദേശത്താണെന്നും അഭിഭാഷകന് വ്യക്തമാക്കി. എങ്കില്‍ തിരിച്ചെത്താനുള്ള ടിക്കറ്റ് ഹാജരാക്കിയശേഷം ഹര്‍ജി പരിഗണിക്കാമെന്ന് കോടതി അഭിപ്രായപ്പെട്ടു. ആദ്യം കോടതിയുടെ പരിധിയിലേക്ക് വിജയ് ബാബു വരട്ടെ. അതിനുശേഷം അന്വേഷണ ഉദ്യോഗസ്ഥന്റെ അടുത്തേക്ക് പോകണോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
വിജയ് ബാബു അന്വേഷണത്തില്‍ നിന്നും ഒളിച്ചോടിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. നടിയുടെ ബലാത്സംഗ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് മുങ്ങുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ജോര്‍ജിയയില്‍ ഉള്ളതായാണ് സംശയിക്കുന്നത്. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ.
വിജയ് ബാബുവിനെ തേടി ജോര്‍ജിയയിലേക്ക് പോകുന്നതും പരിഗണനയിണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു. എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. നാളെയും ഹാജരായില്ലെങ്കില്‍ വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. കഴിഞ്ഞ മാസം 22നാണ് യുവനടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
