മനാമ: ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന 160 കിലോമീറ്റർ ലോക എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ, ഹമദ് രാജാവിന്റെ ജീവകാരുണ്യ, യുവജന കാര്യ പ്രതിനിധിയും റോയൽ എൻഡുറൻസ് ടീമിൻ്റെ ക്യാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയെ ആദരിച്ചുകൊണ്ട് ആഘോഷം സംഘടിപ്പിച്ചു.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിൻ്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
ആഘോഷം സംഘടിപ്പിച്ചതിന്ഷൈഖ് ഖാലിദിനെയും അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചതിന് ഉദ്യോഗസ്ഥരെയും മാധ്യമ പ്രതിനിധികളെയും ഷെയ്ഖ് നാസർ അഭിനന്ദിച്ചു.
ഈ നേട്ടം രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ താൽപ്പര്യവും പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് ഖാലിദ് ചടങ്ങിൽ നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു. ഷെയ്ഖ് നാസറിൻ്റെ നിശ്ചയദാർഢ്യത്തെയും നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഷൈഖ് നാസറിന് ഷൈഖ് ഖാലിദ് ഉപഹാരം നൽകി.
ചടങ്ങിൽ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും കായികതാരങ്ങളും പങ്കെടുത്തു. ഷെയ്ഖ് നാസറിൻ്റെ ചാമ്പ്യൻഷിപ്പിനുള്ള തയ്യാറെടുപ്പും പങ്കാളിത്തവും പ്രദർശിപ്പിക്കുന്ന വീഡിയോ പ്രദർശനവും കവിതാപാരായണങ്ങളും മറ്റു കലാപരിപാടികളും നടന്നു.