
മനാമ: ഐക്യരാഷ്ട്രസഭയുടെ കമ്മിറ്റി ഓണ്‍ ദി പീസ്ഫുള് യൂസസ് ഓഫ് ഔട്ടര്‍ സ്പേസ് (സി.ഒ.പി.യു.ഒ.എസ്) രണ്ടാം ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ബഹ്റൈനി വനിതയായ ഷെയ്ഖ ഹെസ്സ ബിന്ത് അലി അല്‍ ഖലീഫ തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ അറബ് മുസ്ലിം വനിതയെന്ന നിലയില്‍ അവര്‍ ചരിത്രം സൃഷ്ടിച്ചു.
വിയന്നയില്‍ നടന്ന കമ്മിറ്റിയുടെ 68ാമത് സമ്മേളനത്തിലാണ് അവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സിയെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ ബഹ്റൈനു വേണ്ടി സംസാരിച്ചത് ഷെയ്ഖ ഹസ്സയാണ്. ബഹിരാകാശ രംഗത്ത് ബഹ്റൈന്‍ കൈവരിച്ച സമീപകാല നേട്ടങ്ങള്‍ അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
ബഹിരാകാശ ശാസ്ത്രത്തിലും അതു സംബന്ധിച്ച തീരുമാനങ്ങളിലും അറബ് സ്ത്രീകള്‍ വഹിക്കുന്ന പങ്കിനുള്ള അന്താരാഷ്ട്ര അംഗീകാരത്തിന്റെ അടയാളമാണ് തനിക്കു ലഭിച്ച പദവിയെന്ന് സമ്മേളനത്തിനു ശേഷം അവര്‍ പറഞ്ഞു.
