ചെന്നൈ: സീരിയൽ നടി വി.ജെ. ചിത്ര ജീവനൊടുക്കിയ കേസിൽ ചിത്രയുടെ ഭർത്താവ് ഹേംനാഥ് അറസ്റ്റിൽ. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും. ഹേംനാഥിനെ തുടർച്ചയായി 5 ദിവസം പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നൽകിയ മാനസിക സമ്മർദമാണു ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞിരുന്നു.
ചിത്രയുടെ സഹോദരിക്കൊപ്പമെത്തിയ വിജയയെ ഇന്നലെ പൊലീസ് രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുൻപ് ചിത്ര മൊബൈൽ ഫോണിൽ വാഗ്വാദത്തിലേർപ്പെട്ടതായി കണ്ടെത്തിയിരുന്നു. താനും ചിത്രയും തമ്മിൽ വാഗ്വാദമുണ്ടായിട്ടില്ലെന്നു ചോദ്യം ചെയ്യലിനു ശേഷം വിജയ പറഞ്ഞു. നസ്രത്ത്പെട്ടിലെ ആഡംബര ഹോട്ടലിൽ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണു ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം കടുത്ത മാനസിക സമ്മർദമെന്നു പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അമ്മ വിജയയുടെയും ഭർത്താവ് ഹേംനാഥിന്റെയും പെരുമാറ്റം മാനസിക സമ്മർദത്തിനു കാരണമായി. മരണത്തിന്റെ അന്നേ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഇതിനു മുൻപും ഇത്തരം കാര്യങ്ങളിൽ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നു. സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇത് അറിയിച്ചപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ അമ്മ നിർബന്ധിച്ചു. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ റജിസ്റ്റർ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കിയെന്നാണു പൊലീസിന്റെ നിഗമനം. ചിത്രയുടെ ബന്ധുക്കളെയും സഹപ്രവർത്തകരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.