തിരുവനന്തപുരം: സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകും. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷൻ കേസ് പരിഗണിക്കുമ്പോൾ വനിത കമ്മിഷൻ്റെ നിലപാട് അറിയിക്കുമെന്നും ഹൈക്കോടതി ഉത്തരവ് വന്നാൽ അത് പ്രാഭല്യത്തിൽ വരുത്താൻ ഇടപെടൽ നടത്തുമെന്നും സതീദേവി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ചായിരിക്കും ഹർജികൾ കേൾക്കുകയെന്ന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവിടുന്നതിനിതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് , ജസ്റ്റിസ് എസ് മനു എന്നിവടങ്ങിയ ഡിവിഷൻ ബെഞ്ച് തീരുമാനം പ്രഖ്യാപിച്ചത്.
ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികൾ വനിതാ ജഡ്ജിയുൾപ്പെട്ട പ്രത്യേക ബെഞ്ചായിരിക്കും പരിഗണിക്കുക. സജിമോൻ പാറയിലിന്റെ ഹർജിയും ഇനി ഈ ബെഞ്ചായിരിക്കും പരിഗണിക്കുക . വിഷയത്തിന്റെ ഗൗരവം കൂടി പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ ആക്ടിങ് ചീഫ് ജസ്റ്റിസ് നേരത്തെ നിർദേശിച്ചിരുന്നു. റിപ്പോർട്ടിലെ ആരോപണങ്ങളിൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പായിച്ചിറ നവാസ് നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു ഈ നിർദേശം.