
കൊച്ചി: നടനും അമ്മ പ്രസിഡന്റുമായ മോഹൻലാലിന് നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവരുന്ന വിവാദങ്ങൾ ചർച്ച ചെയ്യാൻ നാളെ ചേരാനിരുന്ന ‘അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. യോഗത്തിൽ നേരിട്ട് പങ്കെടുക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൂടി സൗകര്യാർത്ഥം യോഗം മാറ്റിയിരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കിയത്.

അമ്മ ജനറൽ സെക്രട്ടറയായിരുന്ന സിദ്ദിഖിനെതിരെ ലെെംഗിക ആരോപണം ഉയർന്നതിന് പിന്നാലെ അദ്ദേഹം രാജിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി അമ്മയോഗം നാളെ ചേരാൻ ഇരുന്നത്. യോഗത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് അടക്കം ചർച്ച ചെയ്യുമെന്നാണ് വിവരം. പുതിയ ജനറൽ സെക്രട്ടറിയെയും തിരഞ്ഞെടുക്കണം. ആരോപണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ യോഗം നിർണായകമാണ്. പുതിയ തീയതി ഉടൻ അറിയിക്കുമെന്ന് അമ്മ ഭാരവാഹികൾ പറഞ്ഞു.
