കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുണ്ടെന്ന് ഹൈക്കോടതി. പ്രത്യേക സംഘത്തിന് (എസ്.ഐ.ടി) അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
റിപ്പോർട്ടിന്റെ പൂർണരൂപം പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധിക്കാൻ നിയോഗിച്ച പ്രത്യേക ബെഞ്ചിലെ ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, സി.എസ്. സുധ എന്നിവരാണ് കേസ് പരിഗണിക്കുന്നത്. സിനിമാ ഷൂട്ടിംഗ് സെറ്റുകളിലും ബന്ധപ്പെട്ട ഇടങ്ങളിലുമുള്ള ലഹരി, മദ്യം ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കണമെന്നും എസ്.ഐ.ടിക്ക് കോടതി നിർദേശം നൽകി.
ഹേമ കമ്മിറ്റിക്കു മൊഴി നൽകിയ അതിജീവിതമാരുടെ പേരുകൾ ഒരുവിധത്തിലും പുറത്തുപോകരുതെന്നും കോടതി നിർദേശിച്ചു. എഫ്.ഐ.ആറിൽ അതിജീവിതമാരുടെ പേരുകൾ മറച്ചുവെക്കണം. ഇവയുടെ പകർപ്പുകള്‍ പുറത്തുപോകില്ലെന്ന് ഉറപ്പാക്കണം. എഫ്.ഐ.ആറിന്റെ പകർപ്പ് അതിജീവിതമാർക്കു മാത്രമേ നൽകാവൂ. അന്തിമ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ മാത്രമേ കുറ്റാരോപിതർക്ക് ഇതിന്റെ പകർപ്പ് ലഭ്യമാക്കാവൂ.
ഹേമ കമ്മിറ്റി മുമ്പാകെ മൊഴി നൽകിയ സാക്ഷികളിലാ രെങ്കിലും എസ്.ഐ.ടിയുമായി സഹകരിക്കാനോ മൊഴി നൽകാനോ തയാറല്ലെങ്കിൽ യാതൊരു കാരണവശാലും അവർക്കുമേൽ സമ്മർദ്ദമുണ്ടാവരുത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്ത ശേഷം റിപ്പോർട്ടില്‍ പറഞ്ഞിരിക്കുന്ന അതിജീവിതമാരെ ബന്ധപ്പെടുകയും അവരുടെ മൊഴിയെടുക്കുകയും ചെയ്യാം. സാക്ഷികൾ സഹകരിക്കാൻ തയാറാകാതിരിക്കുകയോ അല്ലെങ്കിൽ കേസുമായി മുന്നോട്ടുപോകാനുള്ള വസ്തുതകൾ ലഭിക്കാതെ വരികയോ ചെയ്യുമ്പോൾ നിയമം അനുശാസിക്കുന്ന വിധത്തിലുള്ള നിയമനടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതിയിലെ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ കോടതിയിൽ അധിക സത്യവാങ്മൂലം സമർപ്പിച്ചു. സിനിമാ ലൊക്കേഷനുകളില്‍ നിലവിലുള്ള ഐ.സി.സികള്‍ക്ക് നിയമസാധുതയില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. പോഷ് നിയമപ്രകാരം ഇടപെടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരം പരിമിതമാണ്. ഈ സാഹചര്യത്തിൽ പോഷ് നിയമത്തിനനുസൃതമായി ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണം. തൊഴിലിടങ്ങളിലെ അതിക്രമം തടയുന്നതില്‍ നിയമഭേദഗതി വേണം. ലൈംഗികാതിക്രമം തടയുന്ന നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും വനിതാ കമ്മീഷൻ അറിയിച്ചു.