
ശ്രീനഗർ: ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയുടെ സമീപം പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് വ്യാപക ഷെൽ ആക്രമണം നടത്തി. പൂഞ്ച് ജില്ലയിലാണ് പാകിസ്ഥാൻ കനത്ത ഷെൽ ആക്രമണം നടത്തിയിരിക്കുന്നത്. 12 ഇന്ത്യക്കാർക്ക് ഇവിടെ ജീവൻ നഷ്ടമായി. കാശ്മീരിലാകെ 57 പേർക്ക് പരിക്കേറ്റു. ഇതിൽ 42പേരും പൂഞ്ചിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. മരിച്ചവരിൽ സഹോദരങ്ങളടക്കം നാല് കുട്ടികളുമുണ്ട്.പഹൽഗാം ആക്രമണത്തിന് ഇന്ത്യ ബുധനാഴ്ച പുലർച്ചെ കനത്ത തിരിച്ചടിയാണ് പാകിസ്ഥാന് നൽകിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ടിരിക്കുന്ന പ്രതിരോധത്തിന് മറുപടിയായാണ് വെടിനിർത്തൽ കരാർ ലംഘിച്ചുള്ള പാക് പ്രകോപനം.
അതേസമയം ഇന്ത്യയിൽ ഇനിയും ആക്രമിച്ചാൽ സൈനിക കേന്ദ്രങ്ങളിലടക്കം ആക്രമിക്കാൻ മടിക്കില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. വിദേശരാജ്യ പ്രതിനിധികളെ വിളിച്ചാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.പൂഞ്ചിലെ ആക്രമണത്തിന് ഇന്ത്യ അതേനാണയത്തിൽ ശക്തമായി മറുപടി നൽകി. പാകിസ്ഥാൻ ഭാഗത്തും ആൾനാശവും മറ്റുമുണ്ടായതായാണ് റിപ്പോർട്ട്. പൂഞ്ചിന് പുറമേ ബാലാകോട്, മെന്ഥാർ, മാൻകോട്ട്,കൃഷ്ണ ഘടി, ഗുൽപൂർ, കെർണി എന്നിവിടങ്ങളിലും ഷെൽ ആക്രമണം ഉണ്ടായി. രജൗരിയിൽ അഞ്ച് കുട്ടികളടക്കം 10 പേർക്ക് ഷെൽ ആക്രമണത്തിൽ പരിക്കേറ്റു. തുടർച്ചയായി 13-ാം ദിവസമാണ് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ച് ഇവിടെ ആക്രമണം നടത്തുന്നത്.പാകിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടി നൽകുമെന്നാണ് പാകിസ്ഥാൻ സർക്കാർ നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യയിലേക്ക് ആക്രമണം നടത്തിയാൽ പിന്നീടുള്ള തിരിച്ചടി അതിഭീകരമായിരിക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നൽകുന്നത്. പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെ ഉൾപ്പെടെ ആക്രമിക്കാൻ മടിക്കില്ലെന്ന താക്കീതാണ് ഇന്ത്യ നൽകിയിരിക്കുന്നത്.
