തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ. വിതുര, പൊന്മുടി, നെടുമങ്ങാട്, പാലോട് എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കനത്ത പല സ്ഥലത്തും വലിയ നാശനഷ്ടമുണ്ടായി. നെയ്യാറ്റിന്‍കര കൂട്ടപ്പനയില്‍ മരുത്തൂര്‍ പാലത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു. പാലത്തിന്റെ ഒരു വശത്തുള്ള റോഡും ഭാഗികമായി ഇടിഞ്ഞു താഴ്ന്നു. പാലത്തിന്റെ തകരാർ കാരണം തിരുവനന്തപുരത്തേക്കും നാഗര്‍കോവിലിലേക്കുമുള്ള വാഹനങ്ങള്‍ ഓലത്താന്നി വഴി തിരിച്ചുവിടുകയാണ്. അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 220 സെന്റിമീറ്റര്‍ ഉയര്‍ത്തി.
ജില്ലയിലെ തീരദേശ മേഖലയിലും കനത്ത മഴ തുടരുകയാണ്. വിഴിഞ്ഞത്ത് ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ പരക്കേ നാശനഷ്ടങ്ങളുണ്ടായി. ശക്തമായ മഴയില്‍ വിഴിഞ്ഞം ഫിഷറീസ് ലാന്‍ഡിന് സമീപത്ത് വെള്ളം കയറി നിരവധി കടകള്‍ വെള്ളത്തിലായി. മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും കാര്യമായ കേടുപാടുകളുണ്ടായി. കോവളത്ത് വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാശനഷ്ടമുണ്ടായി
നാഗര്‍കോവിലിന് സമീപം ഇരണിയിലില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു. ഇതോടെ തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. നാളത്തെ ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്സ്പ്രെസ് റദ്ദാക്കി.
ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്ത് ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ നിർദേശിച്ചു