ചെന്നൈ: തമിഴ്നാട്ടില്‍ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ ചെന്നൈയുള്‍പ്പെടെയുള്ള കടലോര ജില്ലകളിലെ വീടുകളില്‍ വെള്ളംകയറി. തൂത്തുക്കുടി, തിരുനെല്‍വേലി, ചെന്നൈ തുടങ്ങിയ 14 ജില്ലകളിലെ പതിനായിരത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പിലാണ്. നവംബര്‍ 30 വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
നിരവധി കുടിലുകള്‍ തകരുകയും നൂറിലധികം കോണ്‍ക്രീറ്റ് വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തു. തിരുനെല്‍വേലി, തിരുവാരൂര്‍ ജില്ലകളിലെ ചില ഗ്രാമങ്ങള്‍ വെള്ളം കയറി ഒറ്റപ്പെട്ടു. വീടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ രണ്ടുസംഘങ്ങള്‍ കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട് ജില്ലകളിലെ വീടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്. തൂത്തുക്കുടിയിലും വെള്ളം കയറിയതോടെ ധാരാളം പേര് പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു.
ചെന്നൈയില്‍ റോഡുകളിലും വീടുകളിലും വെള്ളംകയറിയിട്ടുണ്ട്. പള്ളിക്കരണൈ, ചെമ്മഞ്ചേരി എന്നിവിടങ്ങളിലെ 200ഓളം വീടുകളിലാണ് വെള്ളം കയറിയത്. മൂന്നടിയിലധികം വെള്ളം കയറിയ റോഡുകളില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്. വെള്ളം ഒഴുക്കിവിടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 2015-ലെ വെള്ളപ്പൊക്കത്തിന് ശേഷം ഇതാദ്യമായാണ് ഈ മേഖലകളില്‍ രണ്ട് അടിയിലേറെ വെള്ളം കയറുന്നത്.
