തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ചാക്ക സ്വദേശി വിക്രമന് (82 വയസ് ) ആണ് മരിച്ചത്. രാവിലെ വീടിന് മുന്നിലെ വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒറ്റയ്ക്കാണ് വിക്രമന് താമസിച്ചിരുന്നത്. വീടിന് വാതിലിന് പുറത്തേക്ക് വെള്ളത്തില്‍ തല കുത്തിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
കനത്ത മഴയിൽ നഗരമേഖലയിൽ പലയിടത്തും വെള്ളം കയറി. ഇന്നലെ വൈകിട്ടും രാത്രിയിലും പെയ്ത മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്. ശക്തമായ മഴയിൽ വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. തമ്പാനൂർ ജംക്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം ദുരിതത്തിലായി.