തൃശൂർ: തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. നാളെ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
അതിശക്തമായ മഴയിൽ തൃശൂർ നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിലായി. ചാലക്കുടിയിൽ ഒന്നേകാൽ മണിക്കൂറിൽ പെയ്തത് 69 എംഎം മഴയാണ്. കനത്ത മഴയിൽ തൃശൂർ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും വാഹനം തിരിച്ചുവിട്ടു. ഇക്കണ്ടവാരിയർ റോഡ് വെള്ളത്തിൽ മുങ്ങി. എംജി റോഡിലും സ്വരാജ് റൗണ്ടിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മൂന്ന് ബൈക്കുകൾ ഒഴുക്കിൽപ്പെട്ടു. വീടുകളിൽ വെള്ളം കയറി. ഓടകളിലൂടെ വെള്ളം ഒഴുകിപോകാത്തതാണ് കനത്ത വെള്ളക്കെട്ടിന് കാരണം.
ഓട വൃത്തിയാക്കിയാൽ വെള്ളക്കെട്ട് ഒഴിവാകുമെന്ന് നാട്ടുകാർ പറഞ്ഞു. ‘‘തൃശൂരിൽ വളരെ ശക്തമായ മഴയാണ് ഉണ്ടായത്, മൂന്ന് മണിക്കൂറോളം ഇനിയും മഴ പെയ്യും. വെള്ളക്കെട്ട് കൂടും. ശക്തമായ മഴയാണ്. ഉച്ചയോടെ മഴ ദുർബലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’’–റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു.