തിരുവനന്തപുരം: കാലവര്‍ഷം എത്തുന്നതിന് മുമ്പെ പെയ്ത അതിശക്തമായ മഴയില്‍ മുങ്ങി സംസ്ഥാനം. പല ഭാഗങ്ങളിലും വെള്ളമുയര്‍ന്നതോടെ ജനം തീരാദുരിതത്തിലായി. തിരുവനന്തപുരം ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പകള്‍ തുറന്നു. 17 കുടുംബങ്ങളിലെ 66 പേരാണ് ക്യാമ്പുകളിലുള്ളത്. തിരുവനന്തപുരം, വര്‍ക്കല, കാട്ടാക്കട താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതവും നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളില്‍ ഓരോ ക്യാമ്പുകള്‍ വീതവും പ്രവര്‍ത്തിക്കുന്നുണ്ട്.
തിരുവനന്തപുരം താലൂക്കില്‍ ജി.എച്ച്.എസ്. കാലടി, നെടുമങ്ങാട് താലൂക്കില്‍ തേമ്പാമൂട് അങ്കണവാടി, വര്‍ക്കല താലൂക്കില്‍ മുട്ടള ജി.എല്‍.പി.എസ്, കുളമുട്ടം ജി.എല്‍.പി.എസ്, കാട്ടാക്കട താലൂക്കില്‍ കാപ്പിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം, ഉഴമലയ്ക്കല്‍ പഞ്ചായത്ത് ബഡ്സ് സ്കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ക്യാമ്പുകള്‍ തുറന്നത്.
കൊച്ചിയിലും കനത്ത വെള്ളക്കെട്ടാണ്. ചൊവ്വാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വലിയ വെള്ളപ്പൊക്കമുണ്ടായ ഇടങ്ങളില്‍ ബുധനാഴ്ച വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ഉച്ചയോടെ വീണ്ടും മഴ തുടങ്ങിയിട്ടുണ്ട്. കാക്കനാട് പടമുകളില്‍ വീടിന്റെ മതിലിടിഞ്ഞ് വീണ് കാര്‍ ചിറയിലേക്ക് വീണു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83.7 മില്ലി മീറ്റര്‍ ആണ് കൊച്ചിയില്‍ കിട്ടിയ മഴയുടെ കണക്ക്. നിലവില്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസത്തെ മഴയില്‍ ഇന്‍ഫോപാര്‍ക്കും പരിസരപ്രദേശങ്ങളും വെള്ളക്കെട്ടിലായ സാഹചര്യത്തില്‍ വെള്ളം ഒഴുകിപ്പോകുന്നതിനായി നിലവിലെ കലുങ്ക് പുനര്‍നിര്‍മിക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. കിന്‍ഫ്ര, ഇന്‍ഫോപാര്‍ക്ക് അധികൃതര്‍ ഇതുസംബന്ധിച്ച പ്രൊപ്പോസല്‍ ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പുകള്‍ക്ക് നല്‍കാനാണ് കളക്ടര്‍ നിര്‍ദേശിച്ചത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അതിതീവ്രമഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനു ചേര്‍ന്ന യോഗത്തിലാണു നിര്‍ദേശം.
തൃശ്ശൂരിലും അതിശക്തമായ മഴയാണ്. കഴിഞ്ഞ ദിവസത്തെ മഴയില്‍ വെള്ളം കയറിയ അശ്വനി ആശുപത്രിയിലേക്ക് ബുധനാഴ്ച വീണ്ടും വെള്ളം കയറി. ഐ.സി.യുവിലേക്കടക്കം വെള്ളം കയറുന്ന സാഹചര്യമുണ്ടായി. ആശുപത്രിയുടെ മുന്‍വശത്തെ കാന നിറഞ്ഞതാണ് ആശുപത്രിയിലേക്ക് വെള്ളം കയറുന്നതിന് കാരണമായത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് രോഗികളെ മാറ്റിയെങ്കിലും അഗ്നിരക്ഷാസേന ഉള്‍പ്പെടെ സ്ഥലത്തുണ്ട്.