തിരുവനന്തപുരം: തിരുവനന്തപുരം മൂടവൻമുഗളിൽ മതിൽ വീണ് വീട് തകർന്നു. വീടിനുള്ളിൽ ഉണ്ടായിരുന്നവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. 22 ദിവസം പ്രായമായ കുഞ്ഞ് അടക്കം അഞ്ച് പേരെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. പുലർച്ചെ 12.45നായിരുന്നു സംഭവം.
ഉണ്ണികൃഷ്ണൻ എന്നയാൾ വാടകയ്ക്ക് താമസിക്കുന്ന ഷീറ്റിട്ട നാല് മുറി വീടിന് മുകളിലേക്ക് അയൽവാസിയുടെ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു. വീടിനുള്ളിൽ അകപ്പെട്ട ലീല (80), ബിനു (35 ), ഉണ്ണികൃഷ്ണൻ (26), സന്ധ്യ (23 വയസ്) ജിതിൻ (നാല് വയസ്) , 22 ദിവസം മാത്രം പ്രായമായ കുഞ്ഞ് എന്നിവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.
കനമുള്ള കോൺക്രീറ്റിനടിയിൽ കുടുങ്ങി പോയ ഉണ്ണികൃഷ്ണനെ ഫയർഫോഴ്സ് ഒന്നര മണിക്കൂറോളം ശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. തിരുവനന്തപുരം നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ എസ് ടി സജിത്ത് , നിതിൻ രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും, ചാക്ക നിലയത്തിൽ നിന്നുള്ള ഒരു സംഘവും രക്ഷാപ്രവർത്തനം നടത്തി.