കോട്ടയം/തിരുവനന്തപുരം: കോട്ടയം ജില്ലയുടെ മലയോരമേഖലകളില്‍ കനത്തമഴ. വെള്ളിയാഴ്ച ഉച്ചമുതലാണ് തീക്കോയി, മൂന്നിലവ്, മേലുകാവ് തുടങ്ങിയ പഞ്ചായത്തുകളില്‍ കനത്ത മഴ ആരംഭിച്ചത്. പാലാ, ഭരണങ്ങാനം, കിടങ്ങൂര്‍ മേഖലകളിലും മണിക്കൂറുകളായി കനത്ത മഴ പെയ്യുകയാണ്.
വ്യാഴാഴ്ചയും സമാനമായ രീതിയില്‍ ഉച്ചയ്ക്കുശേഷം ഈ പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മണിമലയാറിലും മീനച്ചിലാറിലും ജലനിരപ്പ് ഉയര്‍ന്നിരുന്നു. മണിമലയാറ്റില്‍ ഒരാള്‍ ഒഴുക്കില്‍ പെട്ട് മരിക്കുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ചയും കനത്ത മഴ പെയ്തതോടെ മീനച്ചിലാറിന്റേയും മണിമലയാറിന്റേയും കൈവഴികളില്‍ ജലനിരപ്പ് ഉയരുകയാണ്. തീക്കോയിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മാര്‍മല അരുവി വെള്ളച്ചാട്ടത്തിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. മൂന്നിലവ്-വാക്കാട് റോഡില്‍ മണിക്കൂറുകളായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ്
ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം വരുംമണിക്കൂറുകളില്‍ കേരളത്തിലെ വിവിധ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ ഉദ്ധരിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം, മറ്റ് പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
റോഡുകളില്‍ വെള്ളക്കെട്ടുണ്ടാകുന്നതിനാലും വാഹനങ്ങളിലെ കാഴ്ച മങ്ങാന്‍ സാധ്യതയുള്ളതിനാലും ഗതാഗതക്കുരുക്ക് ഉണ്ടാകാം. അതിനാല്‍ ഗതാഗതം നിയന്ത്രിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിതമേഖലകളില്‍ തുടരണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരളാ തീരത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. അടുത്ത അഞ്ചുദിവസത്തെ മഴസാധ്യതാ പ്രവചനത്തെ അടിസ്ഥാനമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.