കോട്ടയം: കൊക്കയാർ പഞ്ചായത്തിലെ മുക്കുളം വെമ്പാലയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും. പീരുമേട് താലൂക്കിലാണ് മലയിടിഞ്ഞത്. വെള്ളം ഇളംകാട്, ഏന്തയാർ കൂട്ടിക്കൽ വഴി മുണ്ടക്കയത്ത് മണിമലയാറിൽ എത്തി. ഇന്ന് രാവിലെ മുതൽ ആരംഭിച്ച മഴയാണ് പ്രദേശത്ത് മണ്ണിടിച്ചിലിന് ഇടയാക്കിയത്.
ഇന്ന് ഉച്ചയോടെയാണ് മുക്കുളം വെമ്പാല ടോപ്പിൽ മണ്ണിടിച്ചിൽ ഉണ്ടായത്. കഴിഞ്ഞ മഴയിൽ നേരത്തെ ഇടിഞ്ഞിരുന്ന ഭാഗം വീണ്ടും ഇടിയുകയായിരുന്നു. ഇതോടെ മണ്ണും തടിയും കല്ലും നിറഞ്ഞ് ഒഴുകുകയായിരുന്നു. ഉരുൾപ്പൊട്ടിയതാണെന്ന സംശയം ഉയർന്നതോടെ ആറിൻ്റെ തീരത്ത് താമസിക്കുന്നവർ ആശങ്കയിലായി. പിന്നീട് മണ്ണിടിച്ചിലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മണ്ണിടിഞ്ഞ സ്ഥലത്ത് ആൾതാമസമില്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. ഏക്കറുകണക്കിന് കൃഷി സ്ഥലം ഒലിച്ചുപോയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് സമീപവാസികളിൽ ആശങ്കയുയർത്തിയിട്ടുണ്ട്.