ശൈത്യകാലത്ത് വിറച്ചിരുന്ന യൂറോപ്പിൽ, ഇപ്പോൾ വീശിയടിക്കുന്നത് ചൂടുള്ള കാറ്റാണ്. യൂറോപ്പിലെ പല രാജ്യങ്ങളും അപ്രതീക്ഷിത കാലാവസ്ഥയിൽ വലയുകയാണ്. ശൈത്യകാലത്തെ ഉഷ്ണതരംഗത്തെ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് ജനങ്ങളും സർക്കാരുകളും ആശങ്കാകുലരാണ്. കാലാവസ്ഥാ നിരീക്ഷകർ ഇതിനെ “അത്യന്തം തീവ്രമായ” സംഭവമായി വിശേഷിപ്പിച്ചിട്ടുണ്ട്. സാധാരണ താപനിലയിൽ നിന്ന് 10-20 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടിയേക്കാമെന്നാണു മുന്നറിയിപ്പ്.
പോളണ്ട്, ഡെൻമാർക്ക്, ചെക്ക് റിപ്പബ്ലിക്ക്, നെതർലൻഡ്സ്, ബെലാറസ്, ലിത്വാനിയ, ലാത്വിയ എന്നിവിടങ്ങളിൽ സ്ഥിതി ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വേനൽക്കാലത്തിന് സമാനമായി താപനില ഇപ്പോൾ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. പോളണ്ടിലെ ചെറിയ പട്ടണമായ കോർബിലോയിലെ കാലാവസ്ഥ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 19 ഡിഗ്രി സെൽഷ്യസാണ് ഇവിടത്തെ താപനില. മെയ് മാസത്തിൽ പോലും കോർബിലോയിൽ താപനില 18 ഡിഗ്രി സെൽഷ്യസ് വരെയെ രേഖപ്പെടുത്തിയിട്ടുള്ളൂ.
ബെലാറസിന്റെ പല ഭാഗങ്ങളിലും താപനില സാധാരണയായി പൂജ്യമായി തുടരുന്നിടത്ത് ജനുവരി ഒന്നിന് 16.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം ഇങ്ങനെ തുടരുകയാണെങ്കിൽ 2052 ൽ യൂറോപ്യൻ രാജ്യങ്ങളിലെ താപനില 40 ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ 2020 ൽ പ്രവചിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം അനുഭവപ്പെടുമെന്ന് ഭയന്നിരുന്ന ചൂട് ഇതിനകം എത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയെ ഭീതിയിലാഴ്ത്തിയ ‘ശൈത്യ ബോംബിൽ’ നിരവധി പേർ കൊല്ലപ്പെട്ടു. ലോകമെമ്പാടും അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാൻ ആളുകൾ പാടുപെടുകയാണ്.