
കോഴിക്കോട്: ആറ് വർഷം മുമ്പ് കോഴിക്കോട് നഗരത്തില്‍ നിന്നും യുവാവ് കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വിജില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനിടെ മരിച്ചെന്ന് സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്കി. മൃതദേഹം സരോവരത്ത് ചതുപ്പില്‍ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിജിലിന്റെ രണ്ട് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളാണ് കേസന്വേഷണത്തിൽ നിർണായകമായതെന്ന് എലത്തൂർ പൊലീസ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത് മാധ്യമങ്ങളോട് പറഞ്ഞു.
തിരോധാന കേസിന്റെ തുടക്കം മുതൽ തന്നെ പ്രതികൾ നിരീക്ഷണത്തിലായിരുന്നു. വിജിലും പ്രതികളും ലഹരി ഉപയോഗിക്കുന്നവരാണെന്നും കെ.ആർ. രഞ്ജിത് കൂട്ടിച്ചേര്‍ത്തു. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് തന്നെ നൽകുമെന്നും അദ്ദേഹം അറിയിച്ചു. 2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതാകുന്നത്. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം ഏറെ നടന്നെങ്കിലും തുമ്പുണ്ടായില്ല. പഴയ മിസ്സിംഗ് കേസുകള്‍ വീണ്ടും പരിശോധിക്കാനുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വിജില്‍ തിരോധാന കേസിന്റെ ചുരുളഴിച്ചത്. കാണാതായ വിജിലും മൂന്ന് സുഹൃത്തുക്കളും പലപ്പോഴും ഒരുമിച്ചുണ്ടാറാകാണ്ടെന്ന വിവരം പൊലീസിന് കിട്ടി. പിന്നാലെ ഇവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ സംബന്ധിച്ച ശാസ്ത്രീയ പരിശോധന കൂടിയായതോടെ അന്വേഷണം സുഹൃത്തുക്കളിലേക്കായി. ഇവരെ വിളിച്ചി വരുത്തി ചോദ്യം ചെയ്തപ്പോള്‍ എല്ലാം തുറന്നി സമ്മതിച്ചു.
എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ്, പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത് എന്നിവര്‍ വിജിലിനൊപ്പം കാണാതായ ദിവസമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ലഹരി മരുന്ന് ഉപയോഗിക്കാനായി സരോവരം ഭാഗത്ത് ഇവര്‍ ഒത്തുചേര്‍ന്നു. നിഖിലാണ് ബ്രൗണ്‍ഷുഗര്‍ വിജിലിന് കുത്തിവെച്ചത്. അമിത അളവില്‍ ലഹരി മരുന്ന് അകത്തേ ചെന്നതോടെ വിജില്‍ ബോധരഹിതനായി. പിന്നാലെ വിജില്‍ മരിച്ചെന്നാണ് നിഖില്‍ മൊഴി നല്‍കിയത്. ഭയന്ന് പോയതോടെ മൃതദേഹം ആരും കാണാതെ ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ ശേഷം മൂന്ന് പേരും സ്ഥലം വിട്ടു. സംഭവത്തില്‍ നിഖിലിനേയും ദീപേഷിനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിത്തിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെടുക്കാനുള്ള നടപടികള്‍ അടുത്ത ദിവസം തുടങ്ങും.
