പത്തനംതിട്ട: മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനെതിരെ പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി. അമേരിക്കന്‍ മലയാളിയായ കോട്ടയം കടുത്തുരുത്തി സ്വദേശിയായ സെബാസ്റ്റ്യനാണ് കോൺഗ്രസ് നേതാവിനെതിരെ തിരുവല്ല പൊലീസിൽ പരാതി നൽകിയത്. വിബിത ബാബു വിവിധ ഘട്ടങ്ങളിലായി 14.16 ലക്ഷം രൂപ കൈപ്പറ്റി തിരികെ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.
എറണാകുളത്തെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് വിബിതയെ ആദ്യമായി കണ്ടതെന്ന് പരാതിയിൽ പറയുന്നു. പിന്നീട് അത് സൗഹൃദമായി മാറി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ സാമ്പത്തിക സഹായം തേടിയിരുന്നു. വിബിതയുടെയും അച്ഛന്റെയും പേരിലാണ് പണം കൈമാറിയതെന്നും വിവിധ കാരണങ്ങളാൽ ഇതുവരെ 14.16 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നും അത് തിരികെ നൽകിയിട്ടില്ലെന്നും പരാതിക്കാരൻ പറയുന്നു.
19 നാണ് 75 കാരനായ സെബാസ്റ്റ്യൻ മഹിളാ കോൺഗ്രസ് നേതാവിനെതിരെ തിരുവല്ല പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.