
ചെന്നൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെ ഓപ്പണര്‍മാരായി ആരെ തെരഞ്ഞെടുക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. നിലവിലെ ഓപ്പണര്‍മാരായ മലയാളി താരം സഞ്ജു സാംസണെയും അഭിഷേക് ശര്‍മയെയും നിലനിര്‍ത്തുമോ ടെസ്റ്റ് ടീം നായകന് ശുഭ്മാന്‍ ഗില്‍ ടി20 ടീമില്‍ ഓപ്പണറായി തിരിച്ചെത്തുമോ എന്ന കാര്യത്തിലെല്ലാം സസ്പെൻസ് നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പ് ടീമില്‍ ഓപ്പണറായി ആദ്യം പരിഗണിക്കേണ്ടത് ശുഭ്മാന്‍ ഗില്ലിനെയല്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരം ആര് അശ്വിൻ.
ഇടം കൈയന്‍ ബാറ്ററായ യശസ്വി ജയ്സ്വാളിനെയാണ് ഏഷ്യാ കപ്പ് ടീമിലെ ഓപ്പണര്‍ സ്ഥാനത്തേക്ക് ഗില്ലിന് മുമ്പ് ആദ്യം പരിഗണിക്കേണ്ടതെന്ന് അശ്വിന് യുട്യൂബ് ചാനലില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ബാക്ക് അപ്പ് ഓപ്പണറായി ടീമിലെത്തിയ കളിക്കാരനാണ് യശസ്വി ജയ്സ്വാളെന്നും അതുകൊണ്ട് തന്നെ രോഹിത് ശര്‍മ ഇല്ലാത്ത സാഹചര്യത്തില്‍ ഏഷ്യാ കപ്പ് ടീമില്‍ സ്വാഭാവികമായും ജയസ്വാളിനെ ഓപ്പണറായി പരിഗണിക്കണമെന്നും അശ്വിന് പറഞ്ഞു. 2023ല്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം നടത്തിയ ജയ്സ്വാള്‍ ഇതുവരെ 23 ടി20 മത്സരങ്ങളില്‍ നിന്നായി 164.31 സ്ട്രൈക്ക് റേറ്റില്‍ 723 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാനുവേണ്ടി 557 റണ്സട്ടിച്ചും ജയ്സ്വാള്‍ തിളങ്ങിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ശുഭ്മാന്‍ ഗില്ലിനെ ടീമിലെടുക്കണോ സഞ്ജു സാംസണെയും അഭിഷേക് ശര്‍മയെയും ഓപ്പണര്‍മാരായി നിലനിര്‍ത്തണോ എന്ന കാര്യത്തിലെല്ലാം സെലക്ടര്‍മാര്‍ ഇത്തവണ ഏറെ തലപുകയ്ക്കേണ്ടിവരുമെന്നും അശ്വിന് വ്യക്തമാക്കി. സഞ്ജു കഴിഞ്ഞ പരമ്പരകളിലെല്ലാം മികവ് കാട്ടിയ ബാറ്ററാണ്. അതുകൊണ്ട് തന്നെ ഗില്ലിന് ടി20 ടീമില്‍ തിരിച്ചെടുക്കണോ എന്ന ചോദ്യം സെലക്ടര്‍മാർക്ക് മുന്നില്‍ വലിയ തലവേദനയായിരിക്കും. അതുപോലെ ഐപിഎല്ലില്‍ തിളങ്ങിയ ശ്രേയസ് അയ്യരെ ടീമിലേക്ക് തിരിച്ചുവിളിക്കുന്ന കാര്യത്തിലും സെലക്ടര്‍മാര്‍ ഏറെ തലപുകയ്ക്കേണ്ടിവരുമെന്നും അശ്വിൻ പറഞ്ഞു.
