തിരുവനന്തപുരം: സംഘ പരിവാർ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം തനിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സസ്പെൻഷൻ ലഭിച്ച ദിവസം തന്നെ സംഘ്പരിവാർ ചാപ്പ കുത്താൻ ഉള്ള ശ്രമത്തെ പുച്ഛത്തോടെ തള്ളുന്നു. സെനറ്റിലേക്ക് യോഗ്യത ഇല്ലാത്തവരെ നോമിനേറ്റ് ചെയ്താൽ എതിർക്കും എന്നാണ് പറഞ്ഞതെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നേരത്തെ ഗവർണറുടെ വിഷയത്തിലുള്ള പ്രതികരണം വലിയരീതിയിൽ വിമശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി സുധാകരൻ രംഗത്തെത്തിയത്.
ബിജെപിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തിയതിന്റെ പേരില്‍ പാര്‍ലമെന്റില്‍ നിന്നും സസ്പെന്ഷന് വാങ്ങിയ ദിനം തന്നെ എന്നെ സംഘപരിവാറിന്റെ ചാപ്പകുത്താന്‍ നടത്തുന്ന ശ്രമത്തെ തികഞ്ഞ പുച്ഛത്തോടെ തള്ളിക്കളയുന്നു. നരേന്ദ്ര മോദിക്കെതിരെ നാവു ചലിപ്പിക്കാന്‍ പോലും കരുത്തില്ലാത്ത പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും അത് പ്രബുദ്ധരായ മതേതര ജനാധിപത്യബോധമുള്ള കേരള ജനത ഒരിക്കലും ഉള്‍ക്കൊള്ളില്ല. എനിക്ക് സംഘപരിവാര്‍ പട്ടം ചാര്‍ത്തി നല്കാന് അഹോരാത്രം പണിയെടുക്കുന്നവര്‍ ആ വെള്ളം വാങ്ങിവെക്കുന്നതാണ് ഉചിതം.-സുധാകരൻ പറഞ്ഞു.