ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിത ചന്ദ്രശേഖർ റാവു. അന്വേഷണത്തിന്റെ പേരിൽ സ്ത്രീകളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു സ്ത്രീയെന്ന നിലയിൽ തന്റെ അവകാശങ്ങളെ മാനിക്കാൻ ഇഡി തയാറാകുന്നില്ല. അന്വേഷണത്തെ നേരിടാൻ തയാറാണെന്നും സത്യം തന്റെ കൂടെയാണെന്നും കവിത പറഞ്ഞു.
അതേസമയം, മദ്യനയ അഴിമതി കേസിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും കവിത ഹാജരായില്ല. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾ ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നും ശനിയാഴ്ച ഹാജരാകുമെന്ന് അറിയിക്കുകയുമായിരുന്നു.
കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള അരുണിനൊപ്പം കവിതയെയും ചോദ്യം ചെയ്യാനാണ് നീക്കം. സ്വകാര്യ കമ്പനികൾക്ക് വൻ ലാഭമുണ്ടാക്കാൻ അനുവദിക്കുന്ന മദ്യനയം രൂപീകരിക്കാൻ കെ കവിതയുടെ നേതൃത്വത്തിലുള്ള ‘സൗത്ത് ഗ്രൂപ്പ്’ എഎപി നേതാക്കൾക്ക് 100 കോടി രൂപ നൽകിയെന്നാണ് ഇഡി ആരോപിക്കുന്നത്. അരുൺ രാമചന്ദ്രപിള്ളയാണ് കവിതയ്ക്ക് വേണ്ടി ഈ ഇടപാടുകൾ നടത്തിയതെന്നാണ് കേന്ദ്ര ഏജൻസികൾ പറയുന്നത്.