ചിന്നക്കനാൽ: അരിക്കൊമ്പൻ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ 13 പഞ്ചായത്തുകളിൽ വ്യാഴാഴ്ച ജനകീയ ഹർത്താൽ. ചിന്നക്കനാൽ, ശാന്തൻപാറ, മൂന്നാർ, മറയൂർ, കാന്തല്ലൂർ, വട്ടവട, ഇടമലക്കുടി, രാജാക്കാട്, സേനാപതി, ഉടുമ്പൻചോല, ബൈസൺവാലി, ദേവികുളം, രാജകുമാരി എന്നിവിടങ്ങളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, അരിക്കൊമ്പനുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. സിമന്റുപാലത്ത് കുങ്കി ആനകളെ പാർപ്പിച്ചിരുന്ന സ്ഥലത്തേക്ക് കടക്കാൻ ശ്രമിച്ച നാട്ടുകാരെ പൊലീസ് തടഞ്ഞു. പൊലീസിനെതിരെ രൂക്ഷമായി പ്രതികരിച്ച നാട്ടുകാർ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തീരുമാനം ഉണ്ടാകുന്നതുവരെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ചിന്നക്കനാലിൽ കുട്ടികളും അമ്മമാരും ഉൾപ്പെടെയുള്ളവർ റോഡ് ഉപരോധിച്ചു.