ബംഗളൂരു: ലൈംഗിക പീഡന കേസിൽ കർണാടക ജെഡിഎസ് എംഎൽഎ എച്ച്ഡി രേവണ്ണ കസ്റ്റഡിയിൽ. എച്ച്.ഡി ദേവഗൗഡയുടെ വീട്ടിൽ നിന്നാണ് രേവണ്ണയെ കസ്റ്റിഡിയിലെടുത്തത്. ലൈംഗികാതിക്രമ കേസിലാണ് നടപടി.
ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസിൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ബംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മൈസൂരു സ്വദേശിയായ ഇരയുടെ മകന്റെ പരാതിയിലായിരുന്നു കേസ്. ഇതിന് പിന്നാലെ എച്ച്.ഡി രേവണ്ണക്കായി വ്യാപക തെരച്ചിലിലായിരുന്നു അന്വേഷണസംഘം. നോട്ടീസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകത്തിനെ തുടർന്ന് രേവണ്ണക്കെതിരെ പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
അതേസമയം, കർണാടകയിലെ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണക്കെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹാസനിലെ ജെഡിഎസ് പ്രാദേശിക നേതാവായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി രേവണ്ണയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം
അന്വേഷണ സംഘത്തിന് മുമ്പാകെ ലഭിച്ച പുതിയ പരാതിയിൽ പ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. മൂന്ന് വർഷക്കാലം നിർബന്ധിച്ച് ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. പുറത്തുവന്ന ദൃശ്യങ്ങളിലുള്ള സ്ത്രീകളെ അന്വേഷിച്ച് കണ്ടെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തുന്നത്. എന്നാൽ കൂടുതൽ പേരും ഭയം കാരണം പരാതി നൽകാൻ വിസമ്മതിക്കുകയാണ്. പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയെങ്കിലും, പ്രജ്വൽ എന്ന് തിരിച്ചുവരുമെന്നതിൽ അന്വേഷണ സംഘത്തിന് വ്യക്തതയില്ല.