കൊച്ചി: ലഹരിമരുന്നു കേസുകളിൽ സർക്കാർ അശ്രദ്ധ കാണിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും അശ്രദ്ധ പ്രതികള്‍ക്ക് സഹായകമാകും. ഇക്കാര്യം പരിശോധിച്ച് പൊലീസിനും അഭിഭാഷകർക്കും പരിശീലനം നൽകണമെന്നും സംസ്ഥാന പൊലീസ് മേധാവിയും പ്രോസിക്യൂഷന് മേധാവിയും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ലഹരിമരുന്ന് കേസിൽ കസ്റ്റഡിയിലുള്ള തൃശൂർ സ്വദേശിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
180 ദിവസമായി പ്രതി കസ്റ്റഡിയിലാണ്. തുടർന്നാണ് ഇയാൾ ജാമ്യത്തിന് അപേക്ഷിച്ചത്. എൻഡിപിഎസ് കേസുകളിൽ 180 ദിവസത്തിന് ശേഷവും കസ്റ്റഡി നീട്ടാൻ പ്രോസിക്യൂഷന് അപേക്ഷിക്കാം. എന്നാൽ കൃത്യമായ കാരണങ്ങൾ നൽകണം. ഈ കേസിൽ വ്യക്തമായ കാരണങ്ങൾ നൽകാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതേതുടർന്നാണ് ഇത്തരം കേസുകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് കോടതി നിർദ്ദേശിച്ചത്.