
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള മിഷൻ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നു. ‘ഹയാക്കോൺ 1.0’ എന്ന പേരിൽ കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, എംപെഡ, ട്രാൻസ് വേൾഡ് എന്നിവരുടെ സഹകരണത്തോടെയാണ് ത്രിദിന സമ്മേളനം ജനുവരി 8 മുതൽ 10 വരെ ജെയിൻ സർവകലാശാല കൊച്ചി ക്യാമ്പസിൽ സംഘടിപ്പിക്കുന്നത്. ജനുവരി 8-ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ, ഹൈബി ഈഡൻ എം.പി എന്നിവർ വിശിഷ്ടാതിഥികളാകും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കുളവാഴയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും ബന്ധപ്പെട്ട മെഷിനറികളുടെയും പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ജെയിൻ സർവകലാശാല ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണു രാജാമണി, ജെയിൻ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലത, ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് എന്നിവർ പങ്കെടുക്കും.
ജനുവരി 9 – 10 തിയതികളിൽ 6 സെഷനുകളായി കുളവാഴ നിയന്ത്രണത്തിനായുള്ള രാജ്യാന്തര രീതികളെയും മൂല്യവർധിത ഉൽപ്പന്നങ്ങളെയും കുറിച്ചുള്ള ഗഹനമായ ചർച്ചകൾ നടക്കും. കൃഷിമന്ത്രി പി.പ്രസാദ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്കൻ ഹൈക്കമ്മീഷൻ പ്രതിനിധികൾ, നൈജീരിയ, കെനിയ, യുകെയിലെ ന്യൂകാസിൽ സർവകലാശാല, ഇന്തോ-ജർമ്മൻ ബയോഡൈവേഴ്സിറ്റി പ്രോഗ്രാം എന്നിവിടങ്ങളിലെ വിദഗ്ധരുടെ പ്രബന്ധങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും. കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, സൗത്ത് ഏഷ്യൻ തണ്ണീർത്തട ഏജൻസി, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, എം. എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ, കേരളത്തിലെ വിവിധ വ്യവസായ സംഘടനാ പ്രതിനിധികൾ എന്നിവരും ചർച്ചകളുടെ ഭാഗമാകും. കൂടാതെ അസം, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, പുതുച്ചേരി, ചണ്ഡീഗഡ് തുടങ്ങിയവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവരും കുളവാഴ നിർമാർജന – മൂല്യവർദ്ധന മാതൃകകൾ പങ്കുവെക്കും.
ജനുവരി 10-ന് കുളവാഴ നിയന്ത്രണത്തിനായി ദേശീയ-സംസ്ഥാന തലങ്ങളിൽ സ്വീകരിക്കേണ്ട നയരൂപീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ എന്നിവർ പങ്കെടുക്കുന്ന സെഷനിൽ ശാസ്ത്ര സാങ്കേതിക വിദഗ്ധരും വിവിധ സർവകലാശാലകളിലെ വൈസ് ചാൻസർമാരും, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്, കുടുംബശ്രീ തുടങ്ങിയവരുടെ പ്രതിനിധികളും പങ്കെടുക്കും. തുടർന്ന് നടക്കുന്ന ഓപ്പൺ ഫോറത്തിൽ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ കളക്ടർമാർ പൊതുജനങ്ങളുമായും കർഷക-മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും സംവദിക്കും. പ്രമുഖ മാധ്യമ സ്ഥാപന മേധാവികളും, ഓൺലൈൻ മാധ്യമ പ്രതിനിധികളും വിവിധ സെഷനുകളിലായി പങ്കെടുക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാൽ എം.പി, ഉമ തോമസ് എം.എൽ.എ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ ഫ്യൂച്ചർ കേരള മിഷൻ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു കുളവാഴ നിയന്ത്രണത്തിനായുള്ള പുതിയ നയരേഖയുടെ കരടും ചർച്ചകളുടെ സംഗ്രഹവും അവതരിപ്പിക്കും. സമ്മേളത്തിൽ അംഗീകരിച്ച കരട് നയസമീപന രേഖ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ രാഷ്ട്രീയ പാർട്ടികൾ എന്നിവർക്ക് സമർപ്പിക്കും.
വിശദ വിവരങ്ങൾക്ക് +91 94950 17901


