തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി സാധാരണ നടത്തുന്ന സർവ്വീസുകൾ നാളെ ഉണ്ടാകില്ല. യാത്രക്കാരുടെ തിരക്ക് ഉണ്ടാകാൻ സാദ്ധ്യത ഇല്ലാത്തതിനാലും ജീവനക്കാരുടെ അഭാവം ഉണ്ടാകാൻ സാദ്ധ്യത ഉള്ളതിനാലുമാണ് തീരുമാനം. അവശ്യ സർവ്വീസുകൾ വേണ്ടിവന്നാൽ പോലീസിന്റെ നിർദ്ദേശപ്രകാരം ആവശ്യം പരിഗണിച്ച് മാത്രം നടത്തുമെന്നും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പ്രസ്താവനയിൽ അറിയിച്ചു.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കൽ സർവ്വീസുകൾ നടത്തും. പോലീസിന്റെ അകമ്പടിയോടെ സർവ്വീസുകൾ നടത്താൻ ശ്രമിക്കും. ദീർഘദൂര സർവ്വീസുകൾ വൈകിട്ട് ആറിന് ശേഷം ഉണ്ടായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് തിങ്കളാഴ്ച സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
