ശബരിമല: ഹരിവരാസനം പുരസ്കാര ജേതാവ് പി. കെ. വീരമണിദാസനെ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അഭിനന്ദിച്ചു. ഹരിവരാസനം പുരസ്കാരത്തിന് ഏറ്റവും അർഹനായ വ്യക്തിയാണ് അദ്ദേഹം. ഏതെങ്കിലും സ്വാധീനത്തിന്റെ അടിസ്ഥാനത്തിലല്ല, കഴിവും അർഹതയും മാത്രം പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം നൽകിയതെന്നും മന്ത്രി പറഞ്ഞു.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയുടെ പ്രധാന്യം ഭക്തരിലെത്തിക്കുന്നവരെ ആദരിക്കുന്നതിനായാണ് ഹരിവരാസനം പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടുകാരനായ വീരമണിദാസൻ തമിഴ് ഭാഷയുടെ ശക്തിയും ഓജസ്സും നമുക്ക് കാട്ടിത്തന്ന ആളാണ്. അത് കൂടാതെ മറ്റ് തെന്നിന്ത്യൻ ഭാഷകളിൽ ഉൾപ്പെടെ ആറായിരത്തോളം ഭക്തി ഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്.
വീരമണി ദാസന്റെ ആദ്യപുരസ്കാരമാണിത്. പത്മശ്രീ ഉൾപ്പെടെയുള്ള വലിയ പുരസ്കാരങ്ങളിലേക്കുള്ള തുടക്കമാവട്ടെ ഇതെന്നും മന്ത്രി ആശംസിച്ചു. മുൻവർഷ ഹരിവരാസനം പുരസ്കാര ജേതാവ് ആലപ്പി രംഗനാഥന്റെ വാക്കുകൾ ചടങ്ങിൽ മന്ത്രി ഓർമ്മിപ്പിച്ചു. ഹരിവരാസനം പുരസ്കാരം ലഭിച്ചതോടെ താൻ മഹത്വവത്കരിക്കപ്പെട്ടെന്നും ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്കാരമാണിതെന്നും ആലപ്പി രംഗനാഥ് പറഞ്ഞിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.