
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഗമവേദിയിലേക്കെത്തിയത്.
ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ശബരി ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു. ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല. ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീർഥാടകർക്ക് എന്താണ് വേണ്ടത് എന്ന് സർക്കാരും ദേവസ്വം ബോർഡും ഏകപക്ഷീയമായി തീരുമാനിക്കുകയല്ല വേണ്ടത്. അയ്യപ്പ ഭക്തരോട് കൂടി ആലോചിച്ചാണ് ചെയ്യേണ്ടത്. ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടയുണ്ടാകും. അത് മുൻനിർത്തി ഭക്തജന സംഗമം തടയാൻ അവർ ശ്രമിച്ചു. അത് നമുക്ക് ബാധകമല്ല. സുപ്രീം കോടതി തന്നെ ആ നീക്കങ്ങൾ തള്ളിക്കളഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗീതാ നിർവചനത്തിന് നിരക്കുന്ന വിധം ഭക്തിയുള്ളവരുടെ സംഗമമാണിതെന്ന് ഭഗവത് ഗീതയിലെ ശ്ലോകം ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. എല്ലാ ജാതിമത ചിന്തകൾക്കും വിശ്വാസങ്ങൾക്കുമപ്പുറം എല്ലാവരും ഒന്നിച്ചെത്തുന്ന സ്ഥലമാണ് ശബരിമല. ചാന്ദോക്യ ഉപനിഷത്തും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമര്‍ശിച്ചു.
