തിരുവനന്തപുരം: മൃഗശാലയിലെ കൂട്ടിൽ നിന്ന് ചാടിപ്പോയ പെൺ ഹനുമാൻ കുരങ്ങ് എവിടെയാണെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ചൊവ്വാഴ്ച വെെകീട്ട് ചാടി പോയ മൂന്ന് വയസുള്ള പെൺകുരങ്ങിനെ കണ്ടെത്താനായി വ്യാപകമായി തിരച്ചിലാണ് മൃഗശാല ജീവനക്കാർ നടത്തുന്നത്.
കഴിഞ്ഞ ദിവസം നന്തൻകോട് ഭാഗത്തേയ്ക്ക് കടന്ന കുരങ്ങ് പിന്നീട് മൃഗശാലയിലേയ്ക്ക് തിരികെയെത്തി കാട്ടുപോത്തുകളുടെ കൂടിന് സമീപമുള്ള ആഞ്ഞിലി മരത്തിൽ നിലയുറപ്പിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ മുതൽ കുരങ്ങിനെ മരത്തിൽ നിന്നും കാണാതായതാണ് ജീവനക്കാരെ അങ്കലാപ്പിലാക്കിയത്. കുറവൻകോണം, അമ്പലമുക്ക് അടക്കമുള്ള ഭാഗങ്ങളിൽ കുരങ്ങിനെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചിരുന്നു. പിന്നാലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃഗശാല വളപ്പിലും കുരങ്ങിനെ കണ്ടതായി വിവരം ലഭിച്ച പ്രദേശങ്ങളിലും പരിശോധന തുടരുകയാണ്.
മൃഗങ്ങളെ കൈമാറുന്നതിന്റെ ഭാഗമായി മൃഗശാലയിൽ പുതിയതായി എത്തിച്ച കുരങ്ങാണ് പുറത്ത് ചാടിയത്. ഇതിനോടൊപ്പം രണ്ട് എമുവിനെയും രണ്ട് സിംഹത്തെയും പുതിയതായി എത്തിച്ചിരുന്നു. സംഭവശേഷം പുറത്തുവന്ന ദൃശ്യങ്ങളിൽ കൂട്ടിൽ നിന്ന് ഇറങ്ങി ഓടി മരങ്ങളിൽ കയറുന്ന കുരങ്ങിനെ കാണാൻ സാധിക്കുന്നുണ്ട്. മരത്തിന് മുകളിൽ ഇരിക്കുന്ന കുരങ്ങിനെ താഴെ ഇറക്കാൻ ഇഷ്ടഭക്ഷണം കാണിച്ചെങ്കിലും ഇറങ്ങാൻ കൂട്ടാക്കിയില്ല. കുരങ്ങിനെ തുറന്നുവിട്ടപ്പോൾ ജാഗ്രതക്കുറവുണ്ടായില്ല എന്നാണ് മന്ത്രി ആവർത്തിക്കുന്നത്.