കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ രോഗിയായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകന് പൊലീസ് പിടിയില്‍. മയക്കുമരുന്നിന് അടിമയായ ആഷിക്കിനെ താമരശ്ശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് 2.30 ന് ശേഷമായിരുന്നു സംഭവം. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ താമരശ്ശേരി പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്നു സുബൈദ.
മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബംഗളുരുവിലെ ഡീഅഡിക്ഷന് സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉമ്മയെ കാണാനെത്തിയ മകന്, ഷക്കീലയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. നാട്ടുകാരാണ് ആഷിക്കിനെ പിടികൂടി പൊലീസിന് കൈമാറിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയില്‍ അയല്‍ക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.