ആലപ്പുഴ : അക്കൗണ്ടിൽ അബദ്ധത്തിൽ എത്തിയ അരലക്ഷം രൂപ യഥാർത്ഥ ഉടമസ്ഥനായ ഹൈദരാബാദ് സ്വദേശിക്ക് തിരിച്ചയച്ച കർഷകന് അഭിനന്ദനം. മാന്നാർ പാവുക്കര കിഴക്കേ പെരുങ്കണ്ണാരി വീട്ടിൽ തമ്പി എന്ന കെ.എം എബ്രഹാമിന്റെ കിസാൻ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്കാണ് പണമെത്തിയത്. യഥാവള്ളി വേണുഗോപാൽ എന്ന ബിസിനസുകാരൻ അബദ്ധത്തിൽ അയച്ചതായിരുന്നു പണം.
ബിസിനസ് സ്ഥാപനത്തിലേക്ക് വേണുഗോപാൽ അയച്ച പണം തമ്പിയുടെ മാന്നാർ എസ്.ബി.ഐ അക്കൗണ്ടിൽ എത്തുകയായിരുന്നു. അക്കൗണ്ടിൽ പണം എത്തിയെന്ന സന്ദേശം കണ്ട് തിരിച്ച് വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ ഓൺലൈൻ തട്ടിപ്പായിരിക്കുമെന്ന് വിശ്വസിച്ചു. എന്നാൽ വേണുഗോപാൽ തമ്പിയെ തിരിച്ച് വിളിച്ച് കാര്യം പറഞ്ഞു. പണം തിരികെ അയച്ച് നൽകാമെന്ന് തമ്പി ഉറപ്പ് നൽകുകയും ചെയ്തു.
പിറ്റേന്ന് തന്നെ ബാങ്ക് മാനേജരെ സമീപിച്ചെങ്കിലും കിസാൻ ക്രെഡിറ്റ് കാർഡ് വഴി പണം തിരിച്ചയക്കാൻ സാധിക്കാത്തത് തടസ്സമായി. ഇതോടെ മാന്നാർ ബാങ്ക് അധികൃതർ ഹൈദരാബാദിലെ വേണുഗോപാലിന്റെ ബാങ്കുമായി ബന്ധപ്പെട്ട് അപേക്ഷ വാങ്ങി പണം തിരികെ അയച്ചു. കർഷകന്റെ സത്യസന്ധതയെ ബാങ്ക് അധികൃതർ അഭിനന്ദിച്ചു.